നാല് വർഷമായി മാറഞ്ചേരിയിൽ നടപ്പാക്കിയ സമഗ്ര വികസനമാണ് നേട്ടത്തിനുപിന്നിൽ. തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയാണ് മാറഞ്ചേരി മുന്നിൽനിന്നത്. പദ്ധതിയിൽ സമയബന്ധിതമായി വേതനം നൽകിയതിൽ ജില്ലയിൽ ഒന്നാമതായി. കഴിഞ്ഞ വർഷം രണ്ട് കോടി മുപ്പത് ലക്ഷത്തിന്റെ തൊഴിലുറപ്പ് പദ്ധതിയാണ് നടപ്പാക്കിയത്. കൂലിയിനത്തിൽ ഒരുകോടി മുപ്പത്തിയെട്ട് ലക്ഷം സമയബന്ധിതമായി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നൽകി. 494 പേർക്ക് 100 ദിവസം പണി നൽകി ജില്ലയിൽ മുന്നിലെത്തി.
വികസനരംഗത്ത് പ്രകൃതിസംരക്ഷണത്തിനും മാലിന്യസംസ്കരണത്തിനും പഞ്ചായത്ത് മുൻതൂക്കംനൽകി. അടിസ്ഥാന സൗകര്യ വികസന രംഗത്തും കാർഷിക മേഖലയിലും പഞ്ചായത്ത് പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധനേടി. ഇതിനുള്ള അംഗീകാരമായി നിരവധി പുരസ്‌കാരങ്ങൾ നേരത്തെയും പഞ്ചായത്തിന് ലഭിച്ചിരുന്നു. രണ്ട് വർഷം തുടർച്ചയായി ദേശീയ പുരസ്കാരം നേടി.
രണ്ട് വർഷംമുൻപ് ഐസ്‌ഒ സർട്ടിഫിക്കറ്റ് ലഭിച്ചു. 2016ൽ സംസ്ഥാന സർക്കാരിന്റെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയാണ് കൈയിലെത്തിയത്. കഴിഞ്ഞ വർഷം ഐഎംജി സംസ്ഥാനത്തെ 15 മികച്ച പഞ്ചായത്തുകളെ തെരഞ്ഞെടുത്തപ്പോൾ അതിലൊന്ന് മാറഞ്ചേരിയായിരുന്നു. ജൈവവൈവിധ്യ ബോർഡിന്റെ മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള അവാർഡും മാറഞ്ചേരിക്കായിരുന്നു. 19ന് വയനാട്ടിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷങ്ങളുടെ സമാപന വേദിയിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.