• Lisha Mary

  • April 22 , 2020

ഇടുക്കി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രാജകുമാരി പഞ്ചായത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുയിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും നേതൃത്വത്തിലാണ് രണ്ടു ദിവസങ്ങളിലായി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഓഫീസ്, ഘടക സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ശുചീകരിച്ച് അണുവിമുക്തമാക്കി. വാര്‍ഡുതല സാനിറ്റേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകള്‍ കേന്ദ്രികരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടത്തി. രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു, പഞ്ചായത്തംഗങ്ങളായ പി.പി ജോയി, കെ.കെ തങ്കച്ചന്‍, സുമ സുരേന്ദ്രന്‍, പി.രവി, പഞ്ചായത്ത് സെക്രട്ടറി സി.എ നിസ്സാര്‍, രാജകുമാരി മര്‍ച്ചന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് വി.വി കുര്യാക്കോസ്, സെക്രട്ടറി റ്റി.ജെ ഉതുപ്പ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.