• admin

  • January 27 , 2020

കൊച്ചി : സുപ്രീംകോടതി വിധിപ്രകാരം പൊളിച്ച മരടിലെ ഫ്‌ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുമായി ആദ്യ ലോഡുകളുടെ നീക്കം ആരംഭിച്ചു. കുണ്ടന്നൂരിലെ എച്ച്2ഒ ഹോളിഫെയ്ത്ത്, നെട്ടൂരിലെ ജെയിന്‍ കോറല്‍കോവ് എന്നിവിടങ്ങളിലെ അവശിഷ്ടങ്ങളാണ് നീക്കുന്നത്. രാത്രി ഒമ്പതോടെയാണ് കോണ്‍ക്രീറ്റ് മാലിന്യം നീക്കംചെയ്യാന്‍ കരാറെടുത്ത പ്രോംപ്റ്റ് എന്റര്‍പ്രൈസസിന്റെ നേതൃത്വത്തില്‍ ജോലി ആരംഭിച്ചത്. എച്ച്2ഒയില്‍നിന്ന് 70 ലോഡും ജെയിന്‍ കോറല്‍കോവില്‍നിന്ന് 40 ലോഡുമാണ് ആദ്യദിനം നീക്കിയത്. പ്രോംപ്റ്റ് എന്റര്‍പ്രൈസസിന്റെ യാര്‍ഡിലേക്കാണ് കോണ്‍ക്രീറ്റ് മാലിന്യം കൊണ്ടുപോയത്. പൊടിശല്യം ഉയരാതിരിക്കാന്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടെ പുറത്ത് രാവിലെമുതല്‍ വെള്ളം തളിച്ചിരുന്നു. മാലിന്യവുമായി പോകുന്ന വാഹനങ്ങള്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റോഡുകളും നനച്ചു. നെട്ടൂരിലെ ആല്‍ഫ സെറീന്‍, കണ്ണാടിക്കാടുള്ള ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ചൊവ്വാഴ്ച മുതല്‍ നീക്കും. ടോറസ് വാഹനങ്ങള്‍ കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള ഈ ഫ്‌ലാറ്റുകളില്‍ നിന്ന് മിനി ടിപ്പര്‍ ലോറികളുടെ സഹായത്തോടെയാണ് അവശിഷ്ടങ്ങള്‍ നീക്കുക. ചൊവ്വാഴ്ച നാല് ഫ്‌ലാറ്റുകളില്‍ നിന്നായി ഇരുനൂറോളം ലോഡ് നീക്കുമെന്ന് പ്രോംപ്റ്റിന്റെ പാര്‍ട്ണര്‍മാരിലൊരാളായ അച്യുത് ജോസ് പറഞ്ഞു. കോണ്‍ക്രീറ്റ് വേര്‍തിരിക്കുന്നതിനനുസരിച്ച് കൂടുതല്‍ ലോഡുകള്‍ വരുംദിവസങ്ങളില്‍ കൊണ്ടുപോകും. നാലു ഫ്‌ലാറ്റുകളുടെയും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും കമ്പിയും വേര്‍തിരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. എല്ലാ സ്ഥലങ്ങളിലും അവശിഷ്ടങ്ങള്‍ക്കു മുകളില്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ജാക്ക് ഹാമര്‍ എക്സ്‌കവേറ്റുകളുടെയും ജെസിബിയുടെയും സഹായത്തോടെയാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ഫ്‌ലാറ്റുകളില്‍നിന്ന് വേര്‍തിരിക്കുന്ന കമ്പിയവശിഷ്ടങ്ങള്‍ ഫ്‌ലാറ്റ് പൊളിക്കുന്നതിന് നേതൃത്വം നല്‍കിയ ചെന്നൈയിലെ വിജയ് സ്റ്റീല്‍സാണ് നീക്കുന്നത്. കമ്പി അവശിഷ്ടങ്ങളുമായി നിരവധി ലോഡുകള്‍ ചെന്നൈയിലേക്ക് അയച്ചിരുന്നു. അതേസമയം, പൊളിച്ച ഫ്‌ലാറ്റുകളുടെ അവശിഷ്ടം കൈകാര്യം ചെയ്യുന്നതിലെ പോരായ്മ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭയ്ക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. തിരുവനന്തപുരത്ത് ചേര്‍ന്ന ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന നിരീക്ഷണസമിതി യോഗത്തിലാണ് നഗരസഭയ്ക്കുനേരെ രൂക്ഷവിമര്‍ശം ഉയര്‍ന്നത്. അവശിഷ്ടങ്ങള്‍ കൂമ്പാരമായ പ്രദേശത്തിനുചുറ്റും 30 അടി ഉയരത്തില്‍ നാട്ടുകാര്‍ക്ക് പൊടിശല്യമുണ്ടാകാത്തവിധം മെറ്റല്‍ഷീറ്റോ ഗാര്‍ഡന്‍നെറ്റോ ഉപയോഗിച്ച് മറയ്ക്കണമെന്നും പൊടിപറക്കുന്നത് ഒഴിവാക്കാന്‍ സ്പ്രിങ്ഗ്ലറുകള്‍ ഉപയോഗിച്ച് ഇടതടവില്ലാതെ നനയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.