• Lisha Mary

  • April 9 , 2020

ന്യൂഡല്‍ഹി : ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കയറ്റി അയക്കാന്‍ അനുമതി നല്‍കിയതിന് ഇന്ത്യയോട് നന്ദി അറിയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരേ മനുഷ്യരാശിയുടെ പോരാട്ടത്തെ സഹായിക്കാന്‍ സാധ്യമായ എല്ലാ സഹായവും ഇന്ത്യ ചെയ്യുമെന്ന് മോദി ട്വിറ്ററിലൂടെ മറുപടി നല്‍കി. 'ട്രംപ് പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് സുഹൃത്തുക്കള്‍ കൂടുതല്‍ അടുക്കുന്നത്. എക്കാലത്തേയും ദൃഢതയേറിയ ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇപ്പോഴുള്ളത്. കോവിഡിനെതിരേ മനുഷ്യരാശിയുടെ പോരാട്ടത്തെ സഹായിക്കാന്‍ സാധ്യമായ എല്ലാം ചെയ്യും.' മോദി ട്വീറ്റ് ചെയ്തു. ഈ പ്രതിസന്ധിയെ നമ്മള്‍ ഒന്നിച്ച് വിജയിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. മരുന്ന് കയറ്റുമതി പുനഃസ്ഥാപിച്ച മോദിയോടും ഇന്ത്യന്‍ ജനതയോടും നന്ദിയുണ്ടെന്നും ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ലെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. മണിക്കൂറുകള്‍ക്കകമാണ് മോദി മറുപടി ട്വീറ്റ് നല്‍കിയത്.