• admin

  • January 30 , 2020

മുംബൈ : പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബറില്‍ നടന്ന പ്രതിഷേധ പരിപാടിയിലെ പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ്. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായി മുംബൈയിലെത്തിയപ്പോഴാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതിക്കെതിരെ ഡിസംബറില്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സെക്ഷന്‍ 153 എ പ്രകാരം വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് മതവികാരത്തെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നും റിപ്പോര്‍ട്ടിലുണ്ട്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 60 ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാനെ രാജ്യം അറിഞ്ഞത്. അന്ന് സ്വന്തം നിലയ്ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പക്ഷേ, സംഭവത്തിന് പിന്നാലെ സസ്പെന്‍ഷനിലായ കഫീല്‍ ഖാന്‍ 9 മാസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്.