• Lisha Mary

  • March 5 , 2020

തിരുവനന്തപുരം :

ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി. എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. ജനറല്‍ സെക്രട്ടറിമാരായിരുന്ന എ.എന്‍.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്റുമാരാകും. എ.പി.അബ്ദുള്ളക്കുട്ടിയും വൈസ് പ്രസിഡന്റായി തുടരും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പട്ടിക പ്രഖ്യാപിച്ചത്. ഭാരവാഹി പട്ടികയില്‍ മൂന്നിലൊരു ഭാഗവും സ്ത്രീകള്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

10 വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. ജെ.ആര്‍.പദ്മകുമാറാണ് ട്രഷറര്‍. എം.എസ്.കുമാര്‍, ബി.ഗോപാലകൃഷ്ണന്‍, സന്ദീപ് വാര്യര്‍ എന്നിവരാണ് പാര്‍ട്ടി വക്താക്കള്‍.

കെ.എസ്.രാധാകൃഷ്ണന്‍, സദാനന്ദന്‍ മാസ്റ്റര്‍, ജെ.പ്രമീളാദേവി, ജി.രാമന്‍ നായര്‍, എം.എസ്.സമ്പൂര്‍ണ്ണ, വി.ടി.രമ, വി.വി.രാജന്‍ എന്നിവരാണ് മറ്റു വൈസ്.പ്രസിഡന്റുമാര്‍. ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍ എന്നിവരാണ് എം.ടി.രമേശിനെ കൂടാതെയുള്ള ജനറല്‍ സെക്രട്ടറിമാര്‍. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗപദവിയില്‍ നിന്ന് ഒഴിയും.

കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. കെ.സുരേന്ദ്രന്റെ കീഴില്‍ ഭാരവാഹി ആകാനില്ലെന്ന നിലപാടിലായിരുന്നു എ.എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യമില്ലാതെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പട്ടികയെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞെങ്കിലും ഭാരവഹികളില്‍ മുരളീധര പക്ഷത്തിന് വ്യക്തമായ ആധിപത്യമുണ്ട്.