• admin

  • February 9 , 2020

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മുസ്ലിം വോട്ടര്‍മാരുടെ പിന്തുണ ഇത്തവണയും ആം ആദ്മി പാര്‍ട്ടിക്കെന്ന് എക്‌സിറ്റ് പോള്‍ ഫലം. ഡല്‍ഹിയില്‍ മുസ്ലീം വിഭാഗക്കാര്‍ ദശകങ്ങളായി കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അതില്‍ മാറ്റം വന്നിരുന്നു. ഇക്കുറിയും അതേ തരത്തിലാണ് മുസ്ലിം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പിനെ സമീപിച്ചിരിക്കുന്നതെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പറയുന്നത്. 2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 69 ശതമാനം മുസ്ലിം വോട്ടര്‍മാരും അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആംആദ്മി പാര്‍ട്ടിക്കാണ് വോട്ട് ചെയ്തിരിക്കുന്നത് എന്ന് എക്സിറ്റ് പോള്‍ പറയുന്നു. 15 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാനുള്ള കാരണമായി അവര്‍ പറയുന്നത്. കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആംആദ്മി പാര്‍ട്ടിക്ക് കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. സംസ്ഥാനത്തെ ഒ.ബി.സി വോട്ടര്‍മാരില്‍ 54 ശതമാനം പേരും ബാല്‍മീകി വോട്ടര്‍മാരില്‍ 67 ശതമാനം പേരും ദളിത് വോട്ടര്‍മാരില്‍ 65 ശതമാനം പേരും ആംആദ്മി പാര്‍ട്ടിക്കാണ് വോട്ട് ചെയ്തത് എന്നും എക്സിറ്റ് പോള്‍ പറയുന്നു.