• Lisha Mary

  • April 4 , 2020

മനാമ : ബഹ്‌റൈനില്‍ 97 ഇന്ത്യക്കാര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതില്‍ രണ്ടുപേരെ കഴിഞ്ഞദിവസം രോഗം ഭേദമായതിനെത്തുടര്‍ന്നു വിട്ടയച്ചിരുന്നു. അല്‍ മൊസാവി ഐ സെന്ററില്‍ ജോലി ചെയ്തിരുന്ന 28 വയസ്സുള്ള പുരുഷനും 32 വയസ്സുള്ള സ്ത്രീയുമാണ് രോഗമുക്തരായത്. ബാക്കി 95 ഇന്ത്യക്കാര്‍ നിലവില്‍ ചികിത്സയിലുണ്ട്. 22 വയസ്സുമുതല്‍ 61 വയസ്സുവരെ പ്രായമുള്ളവരാണുള്ളത്. ഇതില്‍ 60 വയസ്സുള്ള ഒരു ഇന്ത്യക്കാരന്‍ ബഹ്‌റൈനിലെത്തിയത് കഴിഞ്ഞ പതിനെട്ടാംതീയതി സ്വിറ്റസര്‍ലണ്ടില്‍നിന്നാണ്. ചികിത്സയിലുള്ളവരിലേറെപേരും കഴിഞ്ഞ ദിവസം സല്‍മാബാദിലെ ക്യാമ്പില്‍ നിന്നെത്തിയവരാണെന്നു ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. നാലു മാസം പ്രായമായ ബഹ്റൈനി കുട്ടിയുള്‍പ്പെടെ 286 പേര്‍ ചികിത്സയിലുള്ളതായാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നതൊഴിച്ചാല്‍ ബാക്കിയുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. എന്നാല്‍ പ്രവാസികള്‍ക്കിടയില്‍ രോഗം പടരുന്നു എന്ന അഭ്യൂഹം വാസ്തവവിരുദ്ധമാണെന്നു അധികൃതര്‍ ആവര്‍ത്തിച്ചു. ഒരിക്കലും ഇത്തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വിശ്വസിക്കരുത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രമേ സ്വീകരിക്കാവൂ. സല്‍മാബാദ് ക്യാമ്പില്‍ കഴിഞ്ഞിരുന്ന 113 പേരെയാണ് കോവിഡ് രോഗബാധിതരായി കണ്ടെത്തി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗമുള്ള ഒരാളുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഇവരെ സല്‍മാബാദിലെ താമസസ്ഥലത്ത് നിരീക്ഷണത്തില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് ഇവരെ കഴിഞ്ഞ ദിവസം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഇവരെ പ്രത്യേകമായി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. വ്യാഴാഴ്ച 44 പേരെയും വെള്ളിയാഴ്ച ഒരാളെയും കൂടി രോഗം ഭേദമായി വിട്ടയച്ചതോടെ ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 382 ആയി. രാജ്യത്തു രോഗം ബാധിച്ചവരില്‍ 353 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. ഇതില്‍ 241 പേര് ഇറാനില്‍ കഴിഞ്ഞിരുന്ന ബഹ്‌റൈനി സ്വദേശികളാണ്. ബാക്കിയുള്ളവരില്‍ 57 പേര്‍ യുകെയില്‍നിന്നും 12 പേര്‍ ഈജിപ്തില്‍നിന്നും, 8 പേര്‍ ഇറാഖില്‍നിന്നും 27 പേര്‍ മറ്റുരാജ്യങ്ങളില്‍നിന്നെത്തിയവരുമാണ്. ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സുഖം പ്രാപിച്ചത് ബഹ്റൈനിലാണെന്നു അധികൃതര്‍ വെളിപ്പെടുത്തി. ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ലോകാരോഗ്യസംഘടനയുടെ നിര്ദേശപ്രകാരമുള്ള വളരെ കരുതലോടെയുള്ള പരിശോധനകള്‍ നടത്തിയാണ് പുറത്തിറങ്ങാന്‍ അനുവദിക്കുന്നത്. പരിശോധനയുടെ ഫലമനുസരിച്ചു ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലോ ഐസൊലേഷന്‍ വാര്‍ഡിലോ പ്രവേശിപ്പിക്കും. രോഗമില്ലാത്തവര്‍ 14 ദിവസം അവരവരുടെ വീടുകളില്‍ കഴിയേണ്ടതാണെന്നും അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇറാനില്‍ കുടുങ്ങിയിട്ടുള്ള ബഹ്‌റൈന്‍ സ്വദേശികളുടെ നാലാമത്തെ സംഘം വ്യാഴാഴ്ച ബഹ്‌റൈനിലെത്തി. ഇവരെ വിമാനത്താവളത്തിലെ വിശദമായ സ്‌ക്രീനിങ്ങിനു ശേഷം ക്വാറന്റൈനിലേക്കു മാറ്റി. ഇവരുടെ ലബോറട്ടറി പരിശോധനാഫലം അനുസരിച്ചു ഐസൊലേഷന്‍ വാര്‍ഡിലേയ്ക്കോ ക്വാറന്റൈന്‍ വിഭാഗത്തിലേക്കോ മാറ്റും. വിമാനങ്ങളിലെ ക്രൂ ജോലിക്കാരടക്കമുള്ളവരുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഇവരെ രാജ്യത്തെത്തിക്കുന്നതെന്നു അധികൃതര്‍ അറിയിച്ചു. 1630 പേരാണ് ഇറാനില്‍ കുടുങ്ങിയിരുന്നത്. ഇതില്‍ കുറച്ചുപേരെ മൂന്നു തവണയായി രാജ്യത്തെത്തിച്ചിരുന്നു. ബാക്കിയുള്ളവരെയും ഉടന്‍ ബഹ്‌റൈനിലെത്തിക്കാനുള്ള നടപടികളിലാണ് അധികൃതര്‍.