സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് ചാക്കുകൾ മോഷണം പോയ സംഭവത്തിൽ നിർണായക പുരോഗതി.മോഷണം പോയ ഹാൻസ് ചാക്കുകൾ പ്രത്യേക അന്വേഷണ സംഘം പോലീസ് ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെടുത്തു.കേസിൽ അറസ്റ്റിലായ സിവിൽ പോലീസ് ഓഫീസർ സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് സ്റ്റേഷനിൽ നിന്ന് ഏകദേശം 500 മീറ്റർ മാത്രം അകലെയുള്ള പോലീസ് ക്വാർട്ടേഴ്സിൽ ഒളിപ്പിച്ച നിലയിൽ ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്.
കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പുലർച്ചെയാണ് സബിത്ത് ഹാൻസ് ചാക്കുകൾ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് മുമ്പ് കൽപ്പറ്റയിലെ രഹസ്യകേന്ദ്രത്തിൽ ഇവ സൂക്ഷിച്ചിരുന്നതായും പോലീസ് അറിയിച്ചു.സ്റ്റേഷനിൽ നിന്ന് ഹാൻസ് ചാക്കുകൾ പുറത്തേക്ക് കൊണ്ടുപോയത് സബിത്ത് ഒറ്റയ്ക്കാണെന്നാണ് പ്രാഥമിക വിവരം.
എന്നാൽ തൊണ്ടിമുതൽ കടത്തുന്നതിനും ഒളിപ്പിക്കുന്നതിനും ഇയാൾക്ക് പുറത്തുനിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
സബിത്തിനെതിരായ നിർണായക സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ മറ്റ് കണ്ണികളെക്കുറിച്ചും സബിത്തിന് ലഭിച്ച ബാഹ്യസഹായത്തെക്കുറിച്ചും അന്വേഷണം തുടരുകയാണ്.കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് സബിത്തിനെയും കണ്ടെടുത്ത തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.
