• admin

  • October 19 , 2020

പാരിസ് : ഫ്രാന്‍സ് കുടിയേറ്റനയം തിരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് പുതിയ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാര്‍ലി ഹെബ്ദോ മാഗസിന്‍ പ്രസിദ്ധീകരിച്ച പ്രവാചകന്റെ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ 18കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഫ്രാന്‍സില്‍ പുതിയ നീക്കങ്ങള്‍. ചരിത്രാധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകനാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. പതിനെട്ട് വയസ്സുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി. അധ്യാപകന്റെ കൊലപാതകത്തിനു പിന്നാലെ ഫ്രാന്‍സിലെ വലതുപക്ഷ പാര്‍ട്ടികളുള്‍പ്പെടെ സര്‍ക്കാരിനു മേല്‍ കുടിയേറ്റ നയത്തില്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ മന്ത്രിമാരുമായി ഞായറാഴ്ച യോഗം ചേര്‍ന്നിരുന്നു. കൊല്ലപ്പെട്ട അധ്യാപകന്‍ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഇരയാണെന്നായിരുന്നു മക്രോണ്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനിടെ തീവ്രവാദ ആശയങ്ങള്‍ പുലര്‍ത്തുന്നവരും ഇത്തരം സംഘടനകളുമായി ബന്ധവുമുള്ള 231 വിദേശികളെ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സ് ആഭ്യന്തരമന്ത്രി ഞായറാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഫ്രാന്‍സില്‍ അഭയാര്‍ത്ഥി പദവി നേടാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയതായും യൂറോപ്പ് 1 എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ പുറത്താക്കുന്നവരില്‍ 180 പേര്‍ നിലവില്‍ ജയിലിലുണ്ടെന്നും ബാക്കിയുള്ളവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.