• admin

  • January 30 , 2020

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ വയനാട്, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങളിലൊഴികെ യുഡിഎഫിന്റെ മനുഷ്യ ഭൂപട സമരം. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം കൂടിയായ ഇന്ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചാണ് സമരം നടത്തുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോങ്മാര്‍ച്ച് നടത്തും. പൗരത്വ നിയമത്തിനെതിരെ റിപ്പബ്ലിക്ദിനത്തില്‍ എല്‍ഡിഎഫ് മനുഷ്യ മഹാശൃംഖല ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫിന്റെ മനുഷ്യഭൂപട സമരം. ഓരോ ജില്ലയിലേയും തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീര്‍ക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയില്‍ നേതാക്കളും അണികളും ത്രിവര്‍ണ്ണ നിറത്തിലെ തൊപ്പികള്‍ ധരിച്ച് അണിചേരും. നാലരക്ക് ചേരുന്ന പൊതുയോഗത്തിന് ശേഷം 5.05 ന് ഭൂപടം തീര്‍ക്കും. തുടര്‍ന്ന് ഗാന്ധിജി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തിരുവനന്തപുരത്ത് എ കെ ആന്റണിയും മറ്റിടങ്ങളില്‍ പ്രമുഖ നേതാക്കളും നേതൃത്വം നല്‍കും. മനുഷ്യ ശൃംഖലയിലെ ന്യൂനപക്ഷ സമുദായ പ്രാതിനിധ്യം കണക്കിലെടുത്ത് പരമാവധി മത-സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കളെ അണിനിരത്താനാണ് യുഡിഎഫിന്റെ നീക്കം. അതേസമയം, കോഴിക്കോട് ജില്ലയില്‍ മനുഷ്യ ഭൂപടം സമരം ഉണ്ടാകില്ല. മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്. ജില്ലയില്‍ കോണ്‍ഗ്രസ് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. വയനാട്ടില്‍ കല്‍പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നിന്നും പുതിയ സ്റ്റാന്‍ഡ് വരെയാണ് വയനാട് എംപി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി. തുടര്‍ന്ന്, രാഹുല്‍ഗാന്ധി പൊതുസമ്മേളനത്തില്‍ സംസാരിക്കും. യുഡിഎഫ് ജില്ലാ കമ്മറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫിലെ വിവിധ കക്ഷി നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും