• admin

  • January 25 , 2020

ജയ്പൂര്‍ : കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. നിയമം റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജസ്ഥാന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. അതിനിടെ, പ്രമേയം അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. മതത്തിന്റെ പേരില്‍ അനധികൃത കുടിയേറ്റക്കാരെ വേര്‍തിരിക്കുന്നതാണ് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയെന്ന് പ്രമേയം പറയുന്നു. ഇത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിനും മതനിരപേക്ഷതയ്ക്കും എതിരാണെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച തുടങ്ങിയ ബജറ്റ് സെക്ഷനില്‍ നിയമഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ സ്വരം കേള്‍ക്കാന്‍ തയാറാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.