• admin

  • January 16 , 2020

തിരുവനന്തപുരം : പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ‘ശുചിത്വസംഗമം 2020’ നോടനുബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുള്ള ബദൽ ഉത്പന്ന പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 22 വരെയാണ് മേള. ആരോഗ്യപരമായ ജീവിതത്തിനും, മണ്ണും ജീവജാലങ്ങളും രക്ഷിക്കാനും ഇത് അനിവാര്യമാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകും. ആദ്യഘട്ട ബോധവത്കരണത്തിനു ശേഷമാകും ഇത്. പ്ലാസ്റ്റിക് നിരോധനം യാഥാർഥ്യമായതോടെ നിരവധി ബദലുകൾ ഉയർന്നുവരുന്നുണ്ട്. ഇത്തരം സംരംഭങ്ങൾ നിരവധി തൊഴിലവസരങ്ങളും വളർത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് മികച്ച മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കാഴ്ചവെച്ച തദ്ദേശസ്ഥാപനങ്ങളെയും ഈരംഗത്ത് ദേശീയതലത്തിലെ വിദഗ്ധരെയും പങ്കെടുപ്പിച്ച് 21, 22 തീയതികളിൽ ശുചിത്വസംഗമം നടത്തുന്നതിന് മുന്നോടിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദലായി പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും മാലിന്യ സംസ്‌കരണങ്ങളുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക വിദ്യകളും പ്രവർത്തന മാതൃകകളും ഉത്പന്നങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 120 ഓളം സംരംഭകരാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.