പ്രാദേശിക വികസനത്തിന് ആവശ്യമായ സ്ഥിതിവിവരക്കണക്കുകള്‍ തദ്ദേശസ്വയംഭരണ അടിസ്ഥാനത്തില്‍ ശേഖരിക്കുന്ന ബി.എസ്.എല്‍.എല്‍.ഡി. സര്‍വ്വേ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് ഏപ്രില്‍ 30ന് പൂര്‍ത്തീകരിക്കും. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കൃത്യമായ കണക്കുകള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പരിശോധിക്കാവുന്ന രീതിയില്‍ പ്രവര്‍ത്തനം സുഗമമാക്കും. എ.ഡി.എം റെജി പി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബി.എസ്.എല്‍.എല്‍.ഡി. സര്‍വ്വേ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കേന്ദ്ര സര്‍ക്കാരിന്റെ സപ്പോര്‍ട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സ്‌ട്രെങ്ത്തനിങ് എന്ന പദ്ധതിയില്‍ ഉള്‍പ്പെട്ട സ്റ്റാറ്റിസ്റ്റിക്‌സ് ഫോര്‍ ലോക്കല്‍ ലെവല്‍ പ്ലാനിങ് എന്ന പദ്ധതിയുടെ ഭാഗമായാണ് സര്‍വ്വേ. അടിസ്ഥാനസൗകര്യം, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസം, ഭൂവിനിയോഗം, ജനസംഖ്യ വിന്യാസം തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങള്‍ ജില്ലയിലെ വിവിധ വകുപ്പുകളില്‍ നിന്നായി തദ്ദേശസ്വയംഭരണ അടിസ്ഥാനത്തില്‍ ശേഖരിക്കുന്നുണ്ട്. വിദ്യാഭ്യാസം, കൃഷി ആരോഗ്യം, കെഎസ്ഇബി, ബാങ്കുകള്‍, പോലീസ്, സ്‌കൂളുകള്‍ എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതുവഴി അറിയാന്‍ സാധിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നത്. സര്‍വ്വേ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് വിവരശേഖരണം നടത്തുന്ന എല്ലാ വകുപ്പുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ അടങ്ങിയ ഡേറ്റ സമയബന്ധിതമായി ലഭ്യമാക്കണമെന്ന് എ ഡി എം നിര്‍ദ്ദേശം നല്‍കി.