• admin

  • June 26 , 2021

തിരുവനന്തപുരം : പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയുടെയും ഖാരിഫ് 2021 സീസണിലേക്കുള്ള വിജ്ഞാപനമായി. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിയും എല്ലാ ജില്ലകളിലേയും വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല്, വാഴ,കുരുമുളക്, മഞ്ഞൾ, ഇഞ്ചി, കൈതച്ചക്ക, ജാതി, കൊക്കോ, കരിമ്പ്,ഏലം, കവുങ്ങ്, തക്കാളി, ചെറുധാന്യങ്ങൾ (ചോളം, റാഗി മുതലായവ) പച്ചക്കറികൾ ,പയർ, പടവലം,പാവൽ, വെളളരി, വെണ്ട, പച്ചമുളക്, എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി വിള ഇന്ഷുറൻസ് പദ്ധതിയിൽ വിജ്ഞാപിത  പ്രദേശം അടിസ്ഥാനമാക്കി വിളവിനുള്ള  നഷ്ടത്തിനും, നടീൽ തടസ്സപ്പെടുന്നതിനും, ഇടക്കാല നഷ്ടങ്ങൾക്കും, വെള്ളക്കെട്ട് ( നെല്ല് ഒഴികെ) മഴ, ഉരുൾപൊട്ടൽ, ഇടി മിന്നൽ മൂലമുള്ള തീപിടുത്തം, മേഘവിസ്ഫോടനം, എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും പദ്ധതിയുടെ മാനദണ്ഡങ്ങളനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്. കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയിൽ നഷ്ടപരിഹാര നിർണയം ഓരോ വിജ്ഞാപിത പ്രദേശത്തിനും ബന്ധപ്പെട്ട സൂചിത കാലാവസ്ഥ നിലയത്തിൽ ഇൻഷുറൻസ് കാലയളവിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥ ഡാറ്റ അനുസരിച്ച് മാത്രം. വെള്ളപ്പൊക്കം, കാറ്റ് ( വാഴ,ജാതി,കവുങ്ങ്, കുരുമുളക്, ഏലം, കൊക്കോ എന്നീ വിളകൾക്കു മാത്രം) ഉരുൾപൊട്ടൽ (ആലപ്പുഴ കാസർഗോഡ് എന്നിവ ഒഴികെ )എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും പദ്ധതിയുടെ മാനദണ്ഡങ്ങളനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്.  ഓരോ വിളയുടെയും ഇൻഷുറൻസ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. ഇൻഷുറൻസ് എടുക്കുന്ന വിള, പ്രീമിയം തുക  എന്നിവ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും കർഷകർ അവരുടെ പരിധിയിലുള്ള കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. പദ്ധതിയിൽ ചേരേണ്ട അവസാന തീയതി 31.7.2021. കർഷകർക്ക് ഓൺലൈനായും(www. pmfby.gov.in) ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ വഴിയും, തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങൾ വഴിയും,  ഇൻഷുറൻസ് പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാവുന്നതാണ്. വിളകൾക്ക് വായ്പ എടുത്ത കർഷകരെ നിർദ്ദിഷ്ട ബാങ്കുകൾ ചേർക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം (1) ആധാറിന്റെ കോപ്പി (2) നികുതി ചീട്ടിന്റെ കോപ്പി (3) ബാങ്ക് പാസ് ബുക്ക്  പകർപ്പ് എന്നിവ കൂടി സമർപ്പിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള കൃഷിഭവനുമായോ AIC യുടെ റീജിയണൽ ഓഫീസുമാtയm ബന്ധപ്പെടുക 0471 - 2334493 അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ ടോൾഫ്രീ നമ്പറും ആയോ ബന്ധപ്പെടാവുന്നതാണ്. 1800 -425 -7064.