• admin

  • January 3 , 2022

കൽപ്പറ്റ : കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന, ഒന്നാമത് വയനാട് ജില്ലാ ഒളിമ്പിക് ഗെയിംസ് ജനുവരി 7 ന് ഔദ്യോഗികമായി തുടക്കമാവും. ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് 2022 ന്റെ ഭാഗമായാണ് മത്സരം.   ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കപെടുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. . 24 കായിക ഇനങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കോവിഡിനു ശേഷം തകർന്നടിഞ്ഞ കായിക മേഖലക്ക് പുത്തനുണർവു നൽകുക എന്നതാണ് ഇത് കൊണ്ട് പ്രധാനമായും ഉദ്ധേശിക്കുന്നത്. സംസ്ഥാന തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ 14 ജില്ലകളിൽ നിന്നായി 10,000 ൽ അധികം കായിക താരങ്ങൾ പങ്കെടുക്കും. ജില്ലയിൽ ജനുവരി 7 ന് മാനന്തവാടി പഴശ്ശി കുടീരത്തിൽ നിന്നും ആരംഭിക്കുന്ന ദീപശിഖാ പ്രയാണം ദ്വാരക, കെല്ലൂർ, പനമരം , കണിയാമ്പറ്റ , , സുൽത്താൻ ബത്തേരി , മീനങ്ങാടി , മുട്ടിൽ പഞ്ചായത്തുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊണ്ട് കൽപറ്റ എസ്.കെ. എം. ജെ. ഹൈസ്കൂളിൽ സമാപിക്കും. വിവിധ കായിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കായിക പ്രതിഭകൾ ദീപശിഖയെ അനുഗമിക്കും. മാനന്തവാടിയിൽ രാവിലെ 9.30 ന് ഒ .ആർ. കേളു എം. എൽ. എ. ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭാ ചെയർ പേഴ്സൺ രത്നവല്ലി, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു , സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ.റഫീഖ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ , എന്നിവർ പങ്കെടുക്കും. വിവിധ പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടേയും, കായിക സംഘടനകളുടേയും നേതൃത്വത്തിൽ സ്വീകരണം നൽകും. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന റോഡ് ഷോയിൽ വിവിധ കായിക അസോസിയേഷനുകളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടേയും, സൈക്കിൾ റാലിയുടേയും അകമ്പടിയോടെ എസ്. കെ. എം. ജെ. ഹൈസ്കൂളിൽ സജ്ജമാക്കിയ പ്രത്യേക വേദിയിൽ സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എ . ഗീത ഐ. എ. എസ്. മുഖ്യാതിഥിയായിരിക്കും. ജനുവരി 8 ന് കൽപറ്റയിൽ വെച്ച് നടക്കുന്ന ജില്ലാ തല ഗെയിംസ് മത്സരങ്ങളുടെ ഉത്ഘാടനം കൽപറ്റ നിയോജക മണ്ഡലം എം.എൽ. എ. ടി.സിദ്ധീഖ് നിർവഹിക്കും. ജനുവരി 9 ന് മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ വെച്ച് നാക്കുന്ന അത്ലറ്റിക് സ് മത്സരങ്ങൾ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം.എൽ. എ. ഐ.സി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്യും. മറ്റു ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് കായിക മത്സരങ്ങൾ നടത്തപെടും. ജനുവരി 20 ന് അമ്പലവയൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നട ക്കുന്ന ഫുട്ബോൾ മത്സരങ്ങളോടെ ജില്ലാ തല മത്സരങ്ങൾ സമാപിക്കും. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപെടുന്ന വിവിധ കായിക മത്സരങ്ങളിലെ വിജയികൾ ഫെബ്രുവരി 13 മുതൽ 24 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു , ജില്ലാഒളിമ്പിക് അസോസിയേഷൻ കൺവീനർ സലീം കടവൻ, എൻ .സി .സാജിദ്, സുബൈർ ഇളകുളം, സതീഷ് കുമാർ എന്നിവർ പങ്കെടുത്തു..