• admin

  • February 27 , 2020

എലിക്കുളം :

കാഞ്ഞിരപ്പള്ളി താലൂക്കിലെ കാപ്പുകയത്തുനിന്ന് ഉത്ഭവിക്കുന്ന പൊന്നൊഴുകും തോട് നവീകരിക്കാൻ 1.15 കോടി രൂപയുടെ പദ്ധതി. എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിലൂടെ മീനച്ചിലാറ്റിൽ എത്തുന്ന തോടാണിത്. കൈയേറ്റവും മാലിന്യവും കാരണം തോട് ഇടുങ്ങിയ നിലയിലാണിപ്പോൾ.

എലിക്കുളം ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവൻ, ഹരിതകേരള മിഷൻ എന്നിവ ചേർന്നാണ് തോട് നവീകരണത്തിന് പദ്ധതി ആസൂത്രണം ചെയ്തത്. ജലസേചനവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പുനരുദ്ധാരണത്തിന്റെ ഭാഗമായി തോട്ടിലെ ചെളിയും പോളയും നീക്കി ആഴം കൂട്ടിത്തുടങ്ങി. ഇനി പലയിടത്തായി കൈയേറിയ പുറമ്പോക്ക് ഭൂമി വീണ്ടെടുത്ത് തോടിന് വീതി കൂട്ടണം. പലരും സ്വമനസ്സാലെ കൈയേറിയ ഭൂമി വിട്ടുനൽകാൻ തയ്യാറായിട്ടുണ്ട്. പുറമ്പോക്ക് നിർണയിക്കുന്നതിന് സർവേ തുടങ്ങി. എലിക്കുളം പഞ്ചായത്തിലെ അഞ്ചു കി.മീ.ദൂരത്തിലാണിപ്പോൾ തോട് നവീകരണം നടത്തുന്നത്. ഈ ഭാഗത്ത് അഞ്ച് തടയണയും നിർമിക്കും. ഇത്രയും പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്താനിത് ഉപകരിക്കും.