• Lisha Mary

  • April 15 , 2020

ന്യൂഡല്‍ഹി : മെയ് മൂന്നുവരെ നീട്ടിയ ലോക്ക്ഡൗണിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരും. വ്യവസായ മേഖലയ്ക്കും, പൊതു ഗതാഗതത്തിനും നിയന്ത്രണം തുടരുമെന്ന് മാര്‍രേഖ വ്യക്തമാക്കുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ അമിത ഇളവുകള്‍ നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു തന്നെ കിടക്കും. ബാങ്ക്, എടിഎം, പത്ര,ദൃശ്യമാധ്യമങ്ങള്‍, ടെലികോം മേഖല, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വിതരണം, സെക്യൂരിറ്റി ഏജന്‍സീസ്, കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെ റിപ്പയറിംഗ് തുടങ്ങിയവയ്ക്ക് മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. വൈദ്യുതി മേഖലയ്ക്ക് ആവശ്യമായതിനാല്‍ ഖനി മേഖലയുടെ പ്രവര്‍ത്തനത്തിന് ഇളവ് നല്‍കിയിട്ടുണ്ട്. തേയില തോട്ടങ്ങള്‍ തുറക്കാം. പക്ഷെ 50 ശതമാനം തൊഴിലാളികളെ മാത്രമേ അനുവദിക്കൂ. റോഡ്, റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചത് തുടരും. റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം തുടരും. മരുന്നുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങിയവയുടെ അന്തര്‍സംസ്ഥാന ചരക്ക് നീക്കം അനുവദിക്കും. ക്വാറന്റീനുവേണ്ടി ഹോട്ടലുകളും ഹോം സ്റ്റേകളും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് ഇളവ് നല്‍കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു. മതസ്ഥാപനങ്ങള്‍ മെയ് മൂന്നുവരെ നിര്‍ബന്ധമായും അടഞ്ഞു കിടക്കണം. സ്പോര്‍ട്സുമായി ബന്ധപ്പെട്ട കാര്യങ്ങളും സാംസ്‌കാരികമായ പ്രവര്‍ത്തനങ്ങളും ലോക്ക്്ഡൗണ്‍ അവസാനിക്കുന്നതുവരെ പാടില്ല. ഇവയെല്ലാം നിര്‍ത്തിവെക്കണം. സംസ്‌കാര ചടങ്ങുകളിലെ നിയന്ത്രണം തുടരും. നിയന്ത്രിത ഇളവുകള്‍ അനുവദിക്കുന്ന ഇടങ്ങളിലെല്ലാം സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ലോക്ക്ഡൗണ്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മാര്‍ഗരേഖ അറിയിക്കുന്നു. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം. രാജ്യത്തുടനീളം കൊറിയര്‍ സര്‍വീസുകളും ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പൊതുനിര്‍ദേശങ്ങള്‍

  • റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി
  • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും
  • തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി
  • കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും
  • വ്യോമ റെയില്‍ വാഹന ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല
  • അവശ്യ വസ്തുക്കള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും
  • വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും
  • പൊതു ആരാധന നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം
  • മദ്യം, സിഗരറ്റ് വില്‍പനയ്ക്ക് നിരോധനം
  • പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധം
  • മെഡിക്കല്‍ ലാമ്പുകള്‍ക്ക് തുറക്കാം
  • ആരാധനാലയങ്ങള്‍ തുറക്കരുത്
  • ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത്
  • മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം
  • ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളിലുള്ളവര്‍ക്ക് യാത്രാനുമതി
  • പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാകും
  • അത്യാവശ്യ സാഹചര്യങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം