• admin

  • February 14 , 2020

ന്യൂഡല്‍ഹി : പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാരുടെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്. ലോക്‌സഭാ തിരഞ്ഞടുപ്പിനു രണ്ടു മാസം മുന്‍പായിരുന്നു ആക്രമണം. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഭീകരര്‍ക്കെതിരെ സ്വീകരിക്കാന്‍ പോകുന്ന കടുത്ത നടപടികളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും വാചാലനായി. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം 12-ാം ദിനമാണ് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള വന്‍ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തില്‍ ഇന്ത്യ തകര്‍ത്തത്. അതേസമയം പുല്‍വാമ ആക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോഴും സര്‍ക്കാരില്‍ നിന്നും ലഭിച്ച വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് കൊല്ലപ്പെട്ട പട്ടാളക്കാരുടെ കുടുംബങ്ങള്‍ രംഗത്തെത്തി. ഹിന്ദുസ്ഥാന്‍ ടൈംസ് പട്ടാളക്കാരുടെ കുടുംബാംങ്ങളുമായി നടത്തിയ അഭിമുഖത്തിലാണ് സംസ്ഥാന - കേന്ദ്രസര്‍ക്കാരുകള്‍ നടത്തിയ ജോലി അടക്കമുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ തുറന്നുപറഞ്ഞത്. നിരവധി നേതാക്കള്‍ തങ്ങളുടെ കുടുംബത്തെ സന്ദര്‍ശിച്ചെന്നും എന്നാലാരും ഒരു സഹായവവും ഇതുവരെ ചെയ്തില്ലെന്നും പുല്‍വാമയില്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശ് പ്രയാഗ്രാജ് സ്വദേശി മഹേഷ് കുമാറിന്റെ ഭാര്യ ദേവി പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഇത് ഒരു കുടുംബത്തിന്റെ മാത്രം അവസ്ഥയല്ലെന്നും കൊല്ലപ്പെട്ട 40 പേരില്‍ പലരുടെയും ബന്ധുക്കള്‍ ഇത് ആവര്‍ത്തിക്കുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.