• admin

  • June 29 , 2021

ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നാളെ ചേരും. രാജ്യത്തെ കോവിഡ് സ്ഥിതിവിശേഷങ്ങളും ചില മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളും മന്ത്രിസഭാ യോഗത്തിൽ അവലോകനം ചെയ്തേക്കും. ബുധനാഴ്ച വൈകീട്ട് വെർച്വലായിട്ടാണ് പ്രധാനമന്ത്രി യോഗം വിളിച്ച് ചേർത്തിട്ടുള്ളത്. റോഡ്,ഗതാഗത മന്ത്രാലയം, സിവിൽ ഏവിയേഷൻ, ടെലികോം മന്ത്രാലയങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. അതോടൊപ്പം തന്നെ കോവിഡ് സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചകളും നടത്തും. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിൽക്കവെയാണ് യോഗം. വിവിധ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചത്തോളം തുടർച്ചയായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്നിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വീടും കേന്ദ്രീകരിച്ചായിരുന്നു യോഗങ്ങൾ നടന്നിരുന്നത്. മന്ത്രിസഭാ വിപുലീകരണവും പുനഃസംഘടനയ്ക്കും ഒരുക്കം നടക്കുന്ന ഘട്ടത്തിൽ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിന് വലിയ പ്രധാന്യമാണ് രാഷ്ട്രീയ നിരീക്ഷകർ കൽപ്പിക്കുന്നത്.