• admin

  • December 8 , 2022

കല്‍പ്പറ്റ : എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരുമായ 35 ലക്ഷത്തോളം വിദ്യാര്‍ഥികളെയും തഴഞ്ഞുകൊണ്ട് പിന്‍വാതില്‍ നിയമനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഭരണത്തില്‍ തുടരാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. 25 ലക്ഷം ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചു വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞാണ് പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയത്. അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും വിലക്കയറ്റവും മൂലം ജനജീവിതം മുമ്പെങ്ങും ഇല്ലാത്തവിധം ദുസഹമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിത്യോപയോഗസാധനങ്ങളുടെ വില ഒരു കാലത്തുമില്ലാത്ത വിധത്തില്‍ കുതിച്ചുയര്‍ന്നിട്ടും സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാനോ, വിലക്കയറ്റമില്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകുന്നില്ല. വയനാട്ടിലടക്കമുള്ള കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആയിരക്കണക്കിന് കര്‍ഷകര്‍ ജപ്തിഭീഷണിയില്‍ നില്‍ക്കുമ്പോഴും കടാശ്വാസകമ്മീഷന്‍ നോക്കുകുത്തിയായി തുടരുകയാണ്. കാര്‍ഷികമേഖലയില്‍ ഇടപെട്ടുകൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും സര്‍ക്കാരിന് യാതൊരു താല്‍പര്യവുമില്ലാത്ത അവസ്ഥയാണുള്ളത്. കാര്‍ഷികമേഖല സമാനതകളില്ലാത്ത പ്രതിസന്ധികളാല്‍ നട്ടംതിരിയുമ്പോഴും സഹായപദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖത തുടരുകയാണ്. ഇതിനൊപ്പം തന്നെ ഒരുകാലത്തുമില്ലാത്ത വിധത്തിലുള്ള വന്യമൃഗശല്യവും വയനാട് നേരിടുകയാണ്. വന്യമൃഗശല്യം ഇല്ലാതാക്കാന്‍ പ്രഖ്യാപിച്ച ഫെന്‍സിംഗ് പദ്ധതികള്‍ പോലും റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ജനങ്ങളെയും കര്‍ഷകരെയും വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ജില്ലയിലെത്തി പ്രഖ്യാപിച്ച ഏഴായിരം കോടി രൂപയുടെ വയനാട് പാക്കേജ് വെറും വായ്ത്താരി മാത്രമായി ഒതുങ്ങി. എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണത്തിലേറി ഏഴ് വര്‍ഷമാകാന്‍ പോകുമ്പോഴും ജില്ലയുടെ സ്വപ്നപദ്ധതികളെല്ലാം ത്രിശങ്കുവിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്‍വാതില്‍ നിയമനത്തിനെതിരെ സംസ്ഥാന യു ഡി എഫ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ കെ.കെ അഹമ്മദ്ഹാജി അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍, യു ഡി എഫ് നേതാക്കളായ യഹ്യാഖാന്‍ തലക്കല്‍, ആന്റണി മാസ്റ്റര്‍, എം സി സെബാസ്റ്റ്യന്‍, കെ കെ ദാമോദരന്‍, കെ പി സി സി ജനറല്‍സെക്രട്ടറി കെ.കെ എബ്രഹാം, കെ എല്‍ പൗലോസ്, പി.കെ ജയലക്ഷ്മി, അഡ്വ എന്‍ കെ വര്‍ഗീസ്, ടി മുഹമ്മദ്, പി പി ആലി, റസാഖ് കല്‍പ്പറ്റ, പടയന്‍ മുഹമ്മദ്, എം എ ജോസഫ്, ഒ വി അപ്പച്ചന്‍, ടി ജെ ഐസക്, പി എം സുധാകരന്‍ നജീബ് കരണി, അബ്ദുറഹിമാന്‍, എന്‍ എം വിജയന്‍, നിസി അഹമ്മദ്, കെ ഇ വിനയന്‍, എന്‍ യു ഉലഹന്നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.