മലപ്പുറം : പാണ്ടിക്കാട് അസാപ് കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്കില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് പ്ലേസ്‌മെന്റ് നല്‍കുന്നതിനായി ഓപ്പറേറ്റിങ് പാര്‍ട്ണറെ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍. വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍ നൈപുണ്യം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ പാണ്ടിക്കാട് അനുവദിച്ച അസാപ് കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കില്‍ പാര്‍ക്കിലെ കമ്മ്യൂനിക്കേറ്റിവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന്റെ റഗുലര്‍, വാരന്ത്യ ബാച്ചുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ വികസനസാധ്യതകളെ വലിയ തോതില്‍ സ്വാധീനിക്കുന്ന സ്ഥാപനമാണ് സ്‌കില്‍ പാര്‍ക്കുകളെന്നും വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യം സ്വായത്തമാക്കാന്‍ അസാപ് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ തൊഴില്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന അസാപ് ഇന്റേണ്‍ഷിപ് പോര്‍ട്ടല്‍ സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ പുതിയ തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ ആദ്യത്തെ സ്‌കില്‍ പാര്‍ക്ക് എന്ന നിലയില്‍ പാണ്ടിക്കാട് സ്‌കില്‍ പാര്‍ക്ക് മാതൃകാപരമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇവിടെ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പതിനൊന്നാമത്തെ സ്‌കില്‍ പാര്‍ക്കാണ് പാണ്ടിക്കാട് പ്രവര്‍ത്തനം ആരംഭിച്ചത്. 25,000 ചതുരശ്രയടിയില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഇരുനില കെട്ടിടമാണ് പരിശീലന കേന്ദ്രം. ഒരേ സമയം മുന്നൂറില്‍പരം പേര്‍ക്ക് പരിശീലനം നല്‍കാന്‍ ശേഷിയുള്ള കേന്ദ്രം ഹരിതചട്ടം പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എ.ഡി.ബി. സഹായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 14 കോടിയോളം രൂപ ചെലവഴിച്ചാണ് സ്‌കില്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ലക്ഷം ലിറ്റര്‍ കപാസിറ്റിയുള്ള മഴവെള്ള സംഭരണിയും സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി, വെള്ളം, ഗ്യാസ്, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങളുള്ള അഞ്ച് ട്രെയിനിങ് ഹാളുകളും ഹെവി മെഷിനറി, പ്രിസിഷന്‍, ഐ.ടി, ആക്ടിവിറ്റി ലാബുകളും വിശാലമായ എന്‍ട്രന്‍സ് ലോബിയുമാണ് കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. സേവനം, നൈപുണ്യവികസനം, ബിസിനസ്, വിനോദം എന്നീ ലക്ഷ്യങ്ങളോടെയാണ് പാര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്. അക്കാദമിക് സൗകര്യങ്ങളോടൊപ്പം ഇന്റേണ്‍ഷിപ്പ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും. ട്രൈയിനിങ് ആന്‍ഡ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫുഡ് പ്രൊസസ്സിങ്, ഓട്ടോമോട്ടീവ് എന്നീ സെക്ടറുകളിലായാണ് കോഴ്‌സുകള്‍ നടത്തുന്നത്. പഠനത്തെയും കലയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങില്‍ എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി