• admin

  • February 3 , 2020

ഏറ്റുമാനൂര്‍ : മാടപ്പാട് ചെറുവാണ്ടൂര്‍ പ്രദേശങ്ങളുടെ ജലസ്രോതസ്സായിരുന്ന ചെറുവാണ്ടൂര്‍ ചാലും പാടശേഖരവും വീണ്ടെടുക്കാന്‍ പദ്ധതി. നൂറുമേനി കൊയ്തിരുന്ന നൂറേക്കറിലധികം വരുന്ന പാടശേഖരത്ത് രണ്ടു പതിറ്റാണ്ടിലേറെ കാലമായിട്ട് കൃഷിയിറക്കിയിരുന്നില്ല. നെല്‍കൃഷി കഴിഞ്ഞാല്‍ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട കൊണ്ടല്‍ കൃഷിയിടമായിരുന്നു ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍, ഊറ്റക്കുഴി പാടശേഖരങ്ങള്‍. 50 മുതല്‍ 125 മീറ്റര്‍ വരെ വീതിയില്‍ പാടശേഖരങ്ങള്‍ക്ക് നടുവിലൂടെ ഒഴുകിയിരുന്ന ചെറുവാണ്ടൂര്‍ ചാലിന്റെ വീതി ഇപ്പോള്‍ 6 മീറ്ററായി ചുരുങ്ങി കൈത്തോടായി. കനത്ത വേനല്‍ക്കാലത്ത് പോലും ജലക്ഷാമമില്ലാതിരുന്ന പ്രദേശങ്ങള്‍ ചാല്‍ ഇല്ലാതായതോടെ കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുകയാണ്. ഇതോടെയാണ് കൃഷി നിന്നു പോയത്. നാടന്‍ മത്സ്യങ്ങളുടെ കലവറയായിരുന്നു ഇവിടം. ഇരുകരകളിലും ഉണ്ടായിരുന്ന കണ്ടല്‍ക്കാടുകളില്‍ ദേശാടന പക്ഷികളും കൂടുകൂട്ടിയിരുന്നു. വെള്ളിമൂങ്ങയും മരംകൊത്തിയും ധാരാളം ഉണ്ടായിരുന്നു. കാട്ടുകോഴികളുടെയും നരിയുടെയും കാട്ടുമുയലിന്റെയും കുളക്കോഴികളുടെയും വിവിധ തരം ഉരഗവര്‍ഗങ്ങളുടെയും താവളവുമായിരുന്നു ഇത്. ഇപ്പോള്‍ ഏറ്റുമാനൂര്‍ നഗരത്തിലെ മലിനജലം എത്തുന്നത് ചെറുവാണ്ടൂര്‍ ചാലിലാണ്. വര്‍ഷകാലത്ത് ഈ മാലിന്യങ്ങള്‍ ഒഴുകി മീനച്ചിലാറ്റിലും എത്തുന്നു. ചെറുവാണ്ടൂര്‍ ചാലിന്റെ സംരക്ഷണത്തിനും നെല്‍കൃഷിയുടെ പുനസ്ഥാപനത്തിനും വേണ്ടി പ്രദേശവാസികള്‍ ഒത്തുച്ചേര്‍ന്നു. മാടപ്പാട് ശിശുവിഹാറില്‍ ചേരുന്ന ജനകീയ കൂട്ടായ്മ ഹരിത കേരളം മിഷന്‍ ഉപാധ്യക്ഷ ടി എന്‍ സീമ ഉദ്ഘാടനം ചെയ്തു. പി എസ് വിനോദ് അധ്യക്ഷനായി.