• admin

  • January 29 , 2020

വാഷിങ്ടണ്‍ : പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തിനുള്ള പരിഹാരം ഉള്‍ക്കൊള്ളുന്ന സമാധാന പദ്ധതിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പദ്ധതിയുടെ വിശദാംശങ്ങള്‍ വൈറ്റ്ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് പുറത്തുവിടും. പലസ്തീന്‍പ്രതിനിധികളെ ട്രംപ് കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടില്ല. കൂടുതല്‍ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. എന്നാല്‍ പദ്ധതി തയ്യാറാക്കുന്ന ഒരുഘട്ടത്തിലും പലസ്തീനെ ഉള്‍പ്പെടുത്താത്തതിനാലും പദ്ധതിയില്‍ സംശയങ്ങളുള്ളതിനാലും ഇതുമായി സഹകരിക്കേണ്ടെന്നും പൂര്‍ണമായും തള്ളിക്കളയണമെന്നും പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് സ്തയ്യി അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ട്രംപിന് കുറ്റവിചാരണയില്‍ നിന്നും നെതന്യാഹുവിന് ജയിലില്‍ നിന്നും രക്ഷപ്പെടാനുള്ള പദ്ധതി മാത്രമാണിതെന്നും സമാധാനം ലക്ഷ്യമിട്ടുള്ളതല്ലെന്നും സ്തയ്യി പറഞ്ഞു. പലസ്തീനുമേല്‍ ഇസ്രയേലിന് കൂടുതല്‍ അധികാരം ഉറപ്പുവരുത്തുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജറാദ് കുഷ്‌നറിന്റെ നേതൃത്വത്തില്‍ 2017 മുതല്‍ പശ്ചിമേഷ്യന്‍ സമാധാനപദ്ധതിക്കായി യു.എസ്. ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, അതിന്റെ അവതരണം പലതവണ മാറ്റിവെക്കേണ്ടിവന്നു. പദ്ധതിയുടെ സാമ്പത്തികവശം ഉള്‍ക്കൊള്ളുന്ന ചില നിര്‍ദേശങ്ങള്‍ മാസങ്ങള്‍ക്കുമുമ്പ് പുറത്തുവന്നിരുന്നു. ട്രംപ് ഭരണകൂടം ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചതുമുതല്‍ യു.എസ്. നടത്തുന്ന ചര്‍ച്ചകളില്‍നിന്ന് പലസ്തീന്‍ വിട്ടുനില്‍ക്കുകയാണ്. പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറബ് രാഷ്ട്രങ്ങളും വ്യക്തമാക്കിയതോടെ അവരെ അനുനയിപ്പിക്കാന്‍ യു.എസ്. ഭരണകൂടം നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത ഇത്തരം പദ്ധതികളിലൂടെ പലസ്തീന്‍സമൂഹത്തെ വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് അറബ് രാജ്യങ്ങള്‍ പറയുന്നത്. അതേസമയം, പല അറബ് രാജ്യങ്ങളും പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നു. പലസ്തീന് ഏറെ ഗുണംചെയ്യുന്നതാണ് തന്റെ പദ്ധതിയെന്നും അവരും അത് തിരിച്ചറിഞ്ഞ് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നൂറ്റാണ്ടിന്റെ പദ്ധതിയെന്നാണ് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചത്.