• admin

  • February 29 , 2020

ഇടുക്കി : കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചുവെന്നും ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിലെ പട്ടയത്തിന്റെ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജില്ലാ വികസന സമിതിയില്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ജില്ലയിലെ മറ്റ് മേഖലകളില്‍ പട്ടയം നല്‍കിയിട്ടും കഞ്ഞിക്കുഴി, വാഴത്തോപ്പ്, ഇടുക്കി വില്ലേജുകളില്‍ പട്ടയം നല്‍കാന്‍ കഴിയാതിരുന്നത് ഡീന്‍ കുര്യാക്കോസ് എംപിയും ഇ.എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍ എന്നീ എംഎല്‍എമാരും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കലക്ടര്‍  ഇക്കാര്യം അറിയിച്ചത്. പെരുങ്കാല എയര്‍ സ്ട്രിപ്പിന് നടപടി ആരംഭിക്കണമെന്നും ജനപ്രതിനിധികള്‍ ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു. റോഷി അഗസ്റ്റിന്‍ എം എല്‍ എ ഇത് സംബന്ധിച്ച് പ്രമേയം ജില്ലാ വികസന സമിതിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഡാമിന്റെ പരിസരങ്ങളിലുണ്ടായ ഭൂ ചലനങ്ങളെക്കുറിച്ച് വിദഗ്ദ്ധ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭൗമ പഠന ഗവേഷണ കേന്ദ്രത്തോട് (സെസ്) ആവശ്യപ്പെടാന്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ വകുപ്പ് അധികൃതരോട് ആവശ്യപ്പട്ടു. ജില്ലയിലെ ഭൂവിതാനം കഴിഞ്ഞ രണ്ടു വര്‍ഷത്തേക്കാള്‍ ഇപ്പോള്‍ താഴെയാണെന്നാണ്  ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുവാനും ജില്ലാ വികസന സമിതി തീരുമാനിച്ചു. ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുകയാണ്. വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം കിട്ടാത്ത സാഹചര്യമാണുള്ളത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ലോറികളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാക്കുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പീരുമേട് ഭാഗങ്ങളില്‍ ജലലഭ്യതയുണ്ടെന്നും അവിടങ്ങളിലുള്ള പമ്പുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പുതിയത് ആവശ്യമെങ്കില്‍ വാങ്ങിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഒപ്പം നീര്‍ച്ചാലുകളിലെ ചെളി നീക്കം ചെയ്യാനും  വാട്ടര്‍ അതോറിറ്റിയോട് ഇ.എസ് ബിജിമോള്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ശബരിമല സ്പെഷ്യല്‍ ഡ്യൂട്ടി ചെയ്ത പോലീസുകാരുടെ ശമ്പളം ഉടനടി നല്കണമെന്നും വാഗമണ്‍, മുല്ലപ്പെരിയാര്‍ പോലീസ് സ്റ്റേഷനുകള്‍ പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവയുടെ നിര്‍മാണം ഉടനെ പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ ജില്ലാ പോലീസ് മേധാവിയോട്  പറഞ്ഞു. തകര്‍ന്നു കിടക്കുന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിനും നിര്‍മാണം പുരോഗമിക്കുന്നത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ബസ്സ്റ്റാന്‍ഡില്‍ ബസ് കയറുന്നില്ലെന്നുള്ള പരാതിയിന്മേല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറോട് ആവശ്യപ്പെട്ടു. തങ്കമണിയില്‍ ഓടയ്ക്ക് മുകളില്‍ നടപ്പാത നിര്‍മിച്ചപ്പോള്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് മുമ്പിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് വാഹ്നങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയാതെ വന്ന സാഹചര്യമുണ്ട്. ഈ അപാകത പരിഹരിക്കാന്‍ എന്‍എച്ച് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് വികസന സമിതി ആവശ്യപ്പെട്ടു. ദേവികുളം ഗ്യാപ്പ് റോഡ് നിര്‍മാണം മഴക്കാലത്തിന് മുന്‍പായി തീര്‍ക്കണം. രാവിലെ 8.30 ക്ക് മുന്‍പും വൈകിട്ട് 5ന് ശേഷവും ഈ റോഡിലൂടെ ബസ് ഗതാഗതം ആവശ്യമാണെന്നും ഈ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എന്‍എച്ച് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറോട്  നിര്‍ദ്ദേശിച്ചു.