• admin

  • January 23 , 2020

തിരുവനന്തപുരം : പകര്‍ച്ചവ്യാധി പ്രതിരോധവും മാലിന്യ നിര്‍മാര്‍ജനവും പരസ്പരപൂരകമാണെന്നും ഇതുള്‍ക്കൊണ്ട് വീഴ്ചയുണ്ടാകാതിരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ജനങ്ങളാകെ സാമൂഹ്യപ്രതിബദ്ധതാ കാഴ്ചപ്പാടോടെ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഭാഗമായി പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ച 'ആരോഗ്യ ജാഗ്രത 2020'ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പകര്‍ച്ചവ്യാധി പ്രതിരോധം ഉറപ്പാക്കാനാണ് ആരോഗ്യ ജാഗ്രത സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. 2018 ല്‍ ആരംഭിച്ച പദ്ധതി രണ്ട് വര്‍ഷത്തെ അനുഭവത്തില്‍ നല്ല പുരോഗതി നേടാന്‍ കഴിഞ്ഞു. ഇക്കാലയളവില്‍ പകര്‍ച്ചവ്യാധി മരണങ്ങളില്‍ സാരമായ കുറവുണ്ടായി. കാലനുസൃതമായ മാറ്റം വേണം എന്ന തിരിച്ചറിവാണ് ആരോഗ്യ ജാഗ്രതയ്ക്ക് കാരണമായത്. തുടര്‍ച്ചയായ ബോധവത്ക്കരണത്തിലൂടെ ശക്തമായ പ്രതിരോധം തീര്‍ക്കണം. അങ്ങനെ മാത്രമേ രോഗങ്ങളെ അകറ്റി നിര്‍ത്താനാകൂ. വര്‍ഷം മുഴുവന്‍ നീളുന്ന പരിപാടികളാണ് ലക്ഷ്യം വയ്ക്കുന്നത്. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും കാരണം ഈ വര്‍ഷം വളരെ കാര്യക്ഷമമായാണ് ആരോഗ്യ ജാഗ്രത നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ ഇടപെട്ടാല്‍ മാത്രമേ പകര്‍ച്ചവ്യാധി മരണത്തില്‍ നിന്നും രക്ഷിക്കാനാകൂ എന്ന് കണ്ടാണ് ആരോഗ്യ ജാഗ്രത ആരംഭിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കലണ്ടര്‍ അടിസ്ഥാനമാക്കി തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡ് തല കമ്മിറ്റി രൂപീകരിച്ചാണ് ഇത് സാധ്യമാക്കുന്നത്. പ്രവര്‍ത്തന രൂപരേഖ താഴെത്തട്ടിലെത്തിച്ചിട്ടുണ്ട്. ഇത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ പകര്‍ച്ചവ്യാധികളെ നന്നായി പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് ഒരു ഭീഷണിയായി വരുന്നുണ്ട്. സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലേക്ക് ഇത് വരാതിരിക്കാന്‍ പ്രതിരോധം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് ഉറപ്പാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. നല്ല വെള്ളം കുടിച്ചാല്‍ തന്നെ പല പകര്‍ച്ചവ്യാധി പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു. മൃഗപരിപാലന, വനം മേഖലകളില്‍ ഈ പരിപാടി ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ വിജയിപ്പാക്കാന്‍ പിന്തുണയും സാഹയവും ഉറപ്പ് നല്‍കുന്നതായി വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരേയും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. ജാഗ്രത വീഡിയോ, ആര്‍ദ്രം ജനകീയ കാമ്പയിന്റെ തപാല്‍ കവര്‍ പ്രകാശനം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കൈപുസ്തകം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തയ്യാറാക്കിയ ഗുഡ് ബൈ ഈഡിസ് ചലഞ്ച് 2020 എന്നിവയും ഉദ്ഘാടനം ചെയ്തു.