• admin

  • January 22 , 2020

തിരുവനന്തപുരം : നേപ്പാളില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോര്‍ക്ക വഴി പണം നല്‍കാമെന്ന ഉറപ്പ് നല്‍കിയത്. നോര്‍ക്ക സി.ഇ.ഒ ഡല്‍ഹിയിലെ നോര്‍ക്ക ഉദ്യോഗസ്ഥരുമായും വിദേശകാര്യമന്ത്രാലയവുമായും സംസാരിച്ചു. നേരത്തെ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കാത്തതിനാലാണ് പണം നല്‍കാനാവാത്തതെന്നായിരുന്നു എംബസിയുടെ വിശദീകരണം.എന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പണം നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മരിച്ച ഏട്ടുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 10 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്.പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാളെ വൈകീട്ട് 6.5ന് തിരുവനന്തപുരത്ത് എത്തിക്കും. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ മറ്റന്നാള്‍ രാവിലെ 9.5 ന് കോഴിക്കോട്ട് എത്തിക്കും.