• Lisha Mary

  • April 18 , 2020

മുംബൈ : ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായ നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രതിസന്ധി നേരിടാന്‍ സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത എല്ലാ നിര്‍മാണ തൊഴിലാളികള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാര്‍ 2000 രൂപ ധനസഹായം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. 12 ലക്ഷത്തിലധികം നിര്‍മാണ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ ഒറ്റത്തവണ ധനസഹായം നേരിട്ട് എത്തിക്കും. ഇതു വഴി 250 കോടി രൂപയുടെ അധികഭാരമാണ് സംസ്ഥാന ഖജനാവിനുണ്ടാകുന്നത്. 'ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു വഴി മഹാരാഷ്ട്രയിലുടനീളമുള്ള എല്ലാ നിര്‍മാണ ജോലികളും നിര്‍ത്തിവെക്കേണ്ടി വന്നു. തല്‍ഫലമായി, നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ജോലിയില്ലാതായി. അവര്‍ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നു. ഇത് കണക്കിലെടുത്ത് രജിസ്റ്റര്‍ ചെയ്ത നിര്‍മാണ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.' - തൊഴില്‍ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പശ്ചിമ ബംഗാളില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നുമുള്ള നൂറു കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് പുറത്ത് തടിച്ചുകൂടി അവരുടെ വീടുകളിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ്. സംസ്ഥാനത്തെ കെട്ടിട, മറ്റ് നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് മാത്രമേ ധനസഹായം ലഭിക്കാന്‍ അര്‍ഹതയുള്ളൂ.