• admin

  • January 31 , 2020

:

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തളളി.

കുറ്റകൃത്യം നടന്ന സമയത്ത് താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പവന്‍ കുമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

ഇതേ ആവശ്യമുന്നയിച്ച്  നേരത്തെ പവന്‍ കുമാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പവന്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അതിനിടെ, നാളെ വധശിക്ഷ നടപ്പാക്കാനിരിക്കെ, മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി 
അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ ഇന്നു വിധി പറയും. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലാമനായ മുകേഷ് സിങ്ങിന്റെ എല്ലാ ഹര്‍ജികളും സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. 

മരണ വാറണ്ട് അനിശ്ചിതമായി സ്റ്റേ ചെയ്യണമെന്ന്, പ്രതികള്‍ക്കു വേണ്ടി ഹാജരായ എപി സിങ് ആവശ്യപ്പെട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ ഇവര്‍ ഭീകരര്‍ അല്ലെന്ന് എപി സിങ് പറഞ്ഞു. ഒരു കേസില്‍ ഒന്നിലേറെപ്പേര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍, എല്ലാവരും നിയമപരമായി സാധ്യമായ പരിഹാര മാര്‍ഗങ്ങള്‍ തേടിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്ന് ജയില്‍ ചട്ടം വ്യക്തമാക്കുന്നുണ്ടെന്ന് എപി സിങ് വാദിച്ചു.