• Lisha Mary

  • March 28 , 2020

കല്‍പ്പറ്റ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചയും വരുത്തില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ വ്യാപനത്തിലേക്ക് പോകാതിരിക്കണമെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിയിട്ടുളള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഒരു പ്രയാസവും സഹിക്കാതെ നിലവിലെ പ്രതിസന്ധി അതിജീവിക്കാന്‍ സാധിക്കില്ല. സ്വയം നിയന്ത്രണമാണ് വേണ്ടത്. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണ്‍ ഒരുക്കിയിട്ടുണ്ട്. ട്രൈബല്‍ വിഭാഗങ്ങള്‍ക്ക് ഭക്ഷണ വിതരണത്തിന് കോര്‍പ്പസ് ഫണ്ട് ഉപയോഗിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ട് ഉപയോഗിച്ചും ഭക്ഷ്യവസ്തുക്കളുടെ വിതരണം നിര്‍വ്വഹിക്കാമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ,ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള,ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ തുടങ്ങിയവര്‍ പങ്കെടുത്തു.