• admin

  • February 14 , 2020

കൊച്ചി : സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്ന ചൂട് നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ നാലു ഡിഗ്രി വരെ അധിക ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ക്രമാതീതമായ ചൂട് അനുഭവപ്പെടുമെന്നതിനാല്‍ ഇന്ന് ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ ഉയരുന്ന സാഹചര്യമുളളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകമാണ്. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും വെള്ളം കയ്യില്‍ കരുതുകയും വേണം. മദ്യം പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.