• Lisha Mary

  • March 29 , 2020

പായിപ്പാട് : നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ വാഹനം ആവശ്യപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട്ട് അതിഥി തൊഴിലാളികളുടെ വന്‍പ്രതിഷേധം. ലോക്ക്ഡൗണ്‍ ലംഘിച്ചാണ് തൊഴിലാളികള്‍ റോഡില്‍ ഇറങ്ങിയത്. പതിനൊന്നു മണിയോടെയാണ് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ പൊതുനിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. നാട്ടിലേക്കു തിരികെ മടങ്ങുന്നതിനായി വാഹനം ആവശ്യപ്പെട്ട് ഏകദേശം അയ്യായിരത്തോളം തൊഴിലാളികളാണ് റോഡ് ഉപരോധിച്ചത്. ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ ഉപരോധം തുടര്‍ന്നതിനെ തുടര്‍ന്ന് പോലീസ് ലാത്തി പ്രയോഗിച്ചു. സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, പോലീസ് സൂപ്രണ്ട് ജി. ജയദേവ് എന്നിവര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ വണ്ടിയില്‍ തൊഴിലാളികളെ കൊണ്ടുപോകുന്നത് പ്രായോഗികമല്ല, അതുകൊണ്ട് താമസിക്കുന്ന ക്യാമ്പിലേക്ക് മടങ്ങണമെന്നും തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഭരണകൂടത്തെ അറിയിക്കാമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. ഭക്ഷ്യവസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ഇതിന്റെ ഭാഗമായാണ് പ്രതിഷേധവുമായി റോഡിലേക്കിറങ്ങിയതെന്നും ചിലര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ ഇവര്‍ക്ക് ഭക്ഷണതാമസ സൗകര്യങ്ങള്‍ ഉണ്ടെന്നും നാട്ടിലേക്ക് മടങ്ങണമെന്നുള്ളതാണ് പ്രശ്നമെന്നും സി.എഫ്. തോമസ് എം.എല്‍.എ. അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കൂവെന്നും എം.എല്‍.എ പറഞ്ഞു.