മലപ്പുറം : ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു.കോട്ടക്കൽ സ്വാഗതമാടിൽ ആറുവരി പാതയിലാണ് സ്വകാര്യ കോൺട്രാക്ട് കാരിയേജ് ബസ് അപകടകരമായ രീതിയിൽ പിറകോട്ട് ഓടിച്ചത്.കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.എക്സിറ്റ് പോയിന്റ് കഴിഞ്ഞ് മുന്നോട്ടുപോയ ബസ് ദേശീയപാതയിൽ നിന്ന് പുറത്തിറങ്ങാൻ റിവേഴ്സ് എടുക്കുകയായിരുന്നു.നാട്ടുകാർ ഇത് ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതോടെ ജീവനക്കാർ പിന്നോട്ട് ഓടിക്കുന്നത് നിർത്തി.
ബസിലെ യാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.രണ്ട് ദിവസം മുൻപ് ഇതേ സ്ഥലത്ത് കെഎസ്ആർടിസി ബസ് പിന്നോട്ടെടുത്ത് അപകടമുണ്ടാവുകയും ഒരു യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.പുതിയ ആറുവരി പാതയിൽ ഇതുപോലെയുള്ള നിയമലംഘനങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ കർശന നടപടികൾ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
