• admin

  • February 28 , 2020

കൊല്ലം : ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയ മൃതദേഹം കൊല്ലം പള്ളിമണില്‍ നിന്നും കാണാതായ ദേവനന്ദയുടേതാണെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയുടെ ബന്ധുക്കളെത്തിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. മൃതദേഹം ദേവനന്ദയുടേതാണെന്ന് അമ്മയുടെ സഹോദരി സ്ഥിരീകരിച്ചു. അതേസമയം, ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ അറിയിച്ചു. പുഴയില്‍ മണല്‍ വാരിയ കുഴികളുണ്ട്. ഇതാകാം ഇന്നലെ മൃതദേഹം ലഭിക്കാതിരിക്കാന്‍ കാരണമെന്നും ജില്ലാ കളക്ടര്‍ പ്രതികരിച്ചു. കുട്ടിയെ കണ്ടെത്താന്‍ വന്‍ തിരച്ചിലാണ് നടത്തിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തണമോയെന്ന കാര്യവും പരിശോധിക്കുന്നതായി കളക്ടര്‍ പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണനും പറഞ്ഞു. എല്ലാതരത്തിലുള്ള ശാസ്ത്രീയ പരിശോധനകളും നടത്തും. ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആക്ഷേപങ്ങള്‍ അന്വേഷിക്കും. ഏതെങ്കിലും തരത്തില്‍ ആരെങ്കിലും അപായപ്പെടുത്തിയതാണെങ്കില്‍, കുറ്റവാളിയെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. കുട്ടിയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. കുട്ടിയെ കണ്ടെത്താന്‍ ഇന്നലെ മുതല്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലായിരുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തും. പഴുതടച്ച അന്വേഷണമാണ് ഇക്കാര്യത്തില്‍ ഉണ്ടാകുക. എല്ലാക്കാര്യവും പൊലീസ് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.