• admin

  • February 12 , 2020

ആലപ്പുഴ : ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് വെളിയനാട് ബ്ലോക്കില്‍ പരിശീലനം തുടങ്ങി. കൊട്ടാരക്കര കില ഇറ്റിസിയുടെ നേതൃത്വത്തിലാണ് പരിശീലനം. കില ഇറ്റിസിയുടെ 'മാറിയ തൊഴിലുറപ്പും മാറേണ്ട ജോലികളും' എന്ന പരിശീലന പരമ്പരയുടെ ഭാഗമായാണ് പരിശീലനം. തൊഴിലുറപ്പു പദ്ധതിയിലെ മാറ്റങ്ങള്‍, ഫീല്‍ഡ് തല പ്രശ്‌നങ്ങള്‍, പരിഹാരങ്ങള്‍, സംശയങ്ങള്‍ക്ക് മറുപടി, ബ്ലോക്കു പരിധിയിലെ ഗ്രാമ പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് ഏറ്റെടുക്കാന്‍ കഴിയുന്ന ആസ്തി വികസന പ്രവൃത്തികള്‍ എന്നിവ പരിശീലനത്തില്‍ വിശദീകരിച്ചു. വ്യക്തിഗത ആസ്തി വികസന പദ്ധതികളായ കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, അഴുക്ക് തോട് നിര്‍മ്മാണം, കംപോസ്റ്റ് കുഴികള്‍, മണ്ണു ജലസംരക്ഷണ ഉപാധികള്‍, കിണര്‍ റീചാര്‍ജിംഗ്, പുതിയ കിണറുകള്‍ എന്നിവ ഏറ്റെടുക്കുന്നതിന് വേണ്ട പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പരിശീലനത്തില്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  ലൈലാ രാജു പരിശീലനം ഉദ്ഘാടനം ചെയ്തു. കില ഇറ്റിസി പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാര്‍ പരിശീലന പരിപാടി വിശദീകരിച്ചു. ആലപ്പുഴ ജില്ലാ തൊഴിലുറപ്പു മിഷന്‍ ജെപിസി കെ.കെ.ഷാജു അധ്യക്ഷത വഹിച്ചു.