• admin

  • July 1 , 2021

ന്യൂഡൽഹി :

സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

തന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറിയുടെ ഹർജി ജസ്റ്റിസ്മാരായ ഇന്ദിര ബാനർജി, വി രാമസുബ്രമണ്യം എന്നിവർ അടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും.

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിർദേശം മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകൾക്കും നൽകണമെന്നും വിധിയിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞത്.

ഒരു തസ്തികയിൽ ഏറെ നാൾ ജോലി ചെയ്തുവെന്ന പേരിൽ സ്ഥിരപ്പെടുത്തൽ അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഐഎച്ച്ആർഡി വകുപ്പിൽ സ്ഥിര നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് താൽക്കാലിക ജീവനക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.