• Lisha Mary

  • April 10 , 2020

ചെന്നൈ : തമിഴ്‌നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. അതിനിടെ സാമൂഹിക വ്യാപനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രംഗത്തെത്തി. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ വകുപ്പ് തലവന്മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സമൂഹിക വ്യാപന സാധ്യത മുഖ്യമന്ത്രി പറഞ്ഞത്. രോഗവ്യാപനം തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ജനത്തിന്റെ പൂര്‍ണ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ തമിഴ്നാട് രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണെന്നും മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ വ്യാപനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേരെ പരിശോധിക്കുന്നതിനായി 4 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ധരുടെ അഭിപ്രായം മാനിച്ച് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ 96 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 834 ആയി. ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അതിനിടെ വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കാണാതായ കോവിഡ് രോഗിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല. ചെന്നൈയിലും കോയമ്പത്തൂരിലുമാണ് കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. ഡോക്ടര്‍മാര്‍ക്കും ടെക്‌നിക്കല്‍ ജീവനകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ തൂത്തുക്കുടിയിലെ രണ്ട് ആശുപത്രികള്‍ അടച്ചു.