• Lisha Mary

  • April 8 , 2020

ചെന്നൈ/ മഹാരാഷ്ട്ര : കൊറോണ ബാധിച്ച് തമിഴ്‌നാട്ടില്‍ ഒരാള്‍ കൂടി മരിച്ചു. വെല്ലൂരില്‍ ചികിത്സയിലായിരുന്നു 45 വയസ്സുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് വിദേശയാത്ര പശ്ചാത്തലമില്ല. എങ്ങനെയാണ് രോഗം ബാധിച്ചതെന്നും കണ്ടെത്താനായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്നലെ മാത്രം തമിഴ്‌നാട്ടില്‍ 69 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 690 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലെ അവസ്ഥയും അതിഗുരുതരമാവുകയാണ്. സംസ്ഥാനത്തെ രോഗ ബാധിതരിടെ എണ്ണം 1000 കടന്നു. കഴിഞ്ഞ നാല് ദിവസവും തുടര്‍ച്ചയായി നൂറിലേറെ പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 12 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 64 ആയി. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ജോലിക്ക് വരരുതെന്ന് മുംബൈ കോര്‍പ്പേറഷന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. തിരിച്ചറിഞ്ഞവരിലെ 70 പേര്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്ന് പോലീസ് പറയുന്നു. അതേസമയം സ്വകാര്യ ആശുപത്രികളില്‍ രോഗബാധിതരായ മലയാളി നഴ്‌സുമാരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.