• Lisha Mary

  • April 14 , 2020

ന്യൂഡൽഹി :

സംസ്ഥാനത്തെ കോവിഡ് ഹോട്സ്പോട്ടുകളുടെ എണ്ണം 43 ആയി. ഇവിടെ പൂർണമായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ അണുവിമുക്തമാക്കാനുള്ള നടപ‌ടികളും ആരംഭിച്ചു. ഇന്നലെ 3 സ്ഥലങ്ങളെക്കൂടിയാണ് അടച്ചുപൂട്ടൽ നടപടി സ്വീ‌കരിച്ച (റെഡ്) സോണുകളിൽ ഉൾപ്പെടുത്തിയത്. ഇതിനു താഴെയുള്ള ഓറഞ്ച് സോണുകളിലും ശുചീകരണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

അബു ഫസൽ എൻക്ലേവ് ഇ–ബ്ലോക്, ഈസ്റ്റ് ഓഫ് കൈലാഷ് ഇ–ബ്ലോക്, മഹാവീർ എൻക്ലേവ് ബംഗാളി കോളനി തുടങ്ങിയ സ്ഥലങ്ങളും ഹോട്സ്പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ഈസ്റ്റ് ജില്ലയിലാണ് ഏറ്റവുമധികം ഹോട്സ്പോട്ടുകൾ– 12. അടച്ചുപൂട്ടൽ നടത്തിയ റെഡ് സോണിലും അതീവ രോഗവ്യാപന സാധ്യതയുള്ള ഓറഞ്ച് സോണിലും ശുചീകരണ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാൾ പറഞ്ഞു.

രോഗികളിൽ 25ൽ ഒരാൾ ആരോഗ്യപ്രവർത്തകൻ

സംസ്ഥാനത്തെ കോവിഡ് ബാധിതരിൽ 25 ൽ ഒരാൾ വീതം ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ. ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ അൻപതിലേറെപ്പേർക്കാണു രോഗം ഇതിനോടകം സ്ഥിരീകരിച്ചിരിക്കുന്നത്. 400ലേറെപ്പേർ നിരീക്ഷണത്തിലുമുണ്ട്. ആവശ്യത്തിനു വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (പിപിഇ) ലഭ്യമാക്കാത്തതാണ് ആരോഗ്യപ്രവർത്തകർക്കു രോഗം പടരാൻ കാരണമായത്.