• admin

  • February 25 , 2020

ന്യൂഡല്‍ഹി :

അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു. നമ്മുടെ നഗരത്തില്‍ സാമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും ശ്രമിക്കണം. അക്രമത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എല്ലാവരോടും ഒരിക്കല്‍കൂടി ആവശ്യപ്പെടുന്നുവെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ എംഎല്‍എമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു. എ.എ.പി.നേതാക്കള്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തി. ഇതിനിടെ വടക്ക് കിഴക്കന്‍ ജില്ലയിലെ അഞ്ച് മെട്രോ സ്‌റ്റേഷനുകള്‍ ചൊവ്വാഴ്ചയും അടച്ചിടും. ജാഫറാബാദ്, മൗജ്പുര്‍-ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്രി എക്ലേവ്, ശിവ് വിഹാര്‍ എന്നീ സ്‌റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്.

ഡല്‍ഹിയിലെ ക്രമസമാധാനം സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച രാത്രി ചര്‍ച്ച നടത്തിയിരുന്നു. സംഘര്‍ഷമേഖലകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.