• admin

  • February 8 , 2020

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. എ.എ.പി. 70 സീറ്റിലും മത്സരിക്കുന്നുണ്ട്. ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുന്നത്. 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ആകെ 13,750 ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. പൗരത്വനിയമത്തിനെതിരേ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാപകല്‍ സമരംനടക്കുന്ന ഷഹീന്‍ബാഗിലെ എല്ലാ ബൂത്തിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാല്‍പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പുരോഗമിക്കവേ രണ്ട് ബൂത്തുകളില്‍ ഇ.വി.എം പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നു. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ ന്യൂഡല്‍ഹി മണ്ഡലത്തിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയിലെ ബൂത്ത് നമ്പര്‍ 114 ല്‍ ആണ് വോട്ടിങ് മെഷീനില്‍ ആദ്യം തകരാറ് കണ്ടെത്തിയത്. രാവിലെ മുതല്‍ ആളുകള്‍ വലിയ തോതില്‍ എത്തി വോട്ട് ചെയ്യാനായി ക്യൂ നിന്നെങ്കിലും വോട്ടിങ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടിങ് ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനൊപ്പം യമുന വിഹാറിലെ സി.10 ബ്ലോക്കിലെ ബൂത്തിലും ഇ.വി.എം പ്രവര്‍ത്തിക്കുന്നില്ല. ഇവിടെയും ഇതുവരെ വോട്ടിങ് ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടെക്നിക്കല്‍ ടീം അംഗങ്ങള്‍ ബൂത്തുകളില്‍ എത്തി പരിശോധന നടത്തുന്നുണ്ട്. പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വിവിധ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.