• Lisha Mary

  • March 13 , 2020

ന്യൂഡല്‍ഹി : കോവിഡ്-19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഐ.പി.എല്‍ ഉള്‍പ്പെടെ യാതൊരു കായിക മത്സരങ്ങളും നടക്കില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ ഒത്തുകൂടുന്ന ഒരു കായിക മത്സരവും ഡല്‍ഹിയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് സിസോദിയ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വലിയ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത്തരം കര്‍ശന നടപടികള്‍ കൈക്കൊണ്ട രാജ്യങ്ങളില്‍ മാത്രമേ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും സിസോദിയ പറഞ്ഞു. ഐ.പി.എല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണോ എന്ന കാര്യത്തില്‍ ബി.സി.സി.ഐ ശനിയാഴ്ച നിര്‍ണായക തീരുമാനമെടുക്കാനിരിക്കെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട്.