• admin

  • June 30 , 2021

ന്യൂഡൽഹി :

 കേരളമുൾപ്പെടെ 14 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജൂൺ 21 മുതൽ 27 വരെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തിയ ജില്ലകളിൽ നിയന്ത്രണ നടപടികൾ കർശനമായി നടപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

രാജസ്ഥാൻ, അസം, പശ്ചിമ ബംഗാൾ, കേരളം എന്നിവയുൾപ്പെടെ 14 സംസ്ഥാനങ്ങൾക്കാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിൽ ടിപിആർ 10 ശതമാനത്തിൽ കൂടുതലുള്ള എട്ട് ജില്ലകളിൽ അതീവ ജാഗ്രതവേണമെന്നാണ് നിർദേശം.

കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ കൃത്യമായ വിലയിരുത്തൽ വേണമെന്നം അവലോകനം വേണമെന്നും ആരോഗ്യമന്ത്രാലയെ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ ആവശ്യപ്പെടുന്നു. ടെസ്റ്റ്, ട്രാക്കിങ് ഉൾപ്പെടെയുള്ള അഞ്ച് തന്ത്രങ്ങളിൽ അധിഷ്ടിതമായി പ്രതിരോധം ശക്തിപ്പെടുത്താനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തൊട്ടാകെ കോവിഡ് കേസുകളിൽ ഇടിവ് രേഖപ്പെടുത്തുന്ന പ്രവണതയ്ക്ക് അനുസരിച്ച്, ജില്ലാതലത്തിലും ഉപജില്ലാ തലത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തിൽ പറഞ്ഞു. അതിനാൽ, സംസ്ഥാനത്തുടനീളം ഇപ്പോൾ അനുവദിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ ജാഗ്രതയോടെ നടത്തണമെന്നും രാജേഷ് ഭൂഷൺ കത്തിൽ ആവശ്യപ്പെട്ടു.

രാജസ്ഥാൻ, മണിപ്പൂർ, സിക്കിം, ത്രിപുര, പശ്ചിമ ബംഗാൾ, പുതുച്ചേരി, ഒഡീഷ, മേഘാലയ, മിസോറം, നാഗാലാൻഡ്, കേരളം, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾക്കാണ് ആരോഗ്യ മന്ത്രാലയം കത്തയച്ചിരിക്കുന്നത്.