• Lisha Mary

  • April 21 , 2020

തിരുവനന്തപുരം : ലോക്ഡൗണ്‍ ഇളവ് വരുത്തിയ മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ മാത്രമേ ഓഫിസുകള്‍ പ്രവര്‍ത്തിക്കു. റവന്യൂ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എല്ലാ ഓഫീസുകളിലും ക്ലാസ് വണ്‍, ക്ലാസ്2, ജീവനക്കാര്‍ എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ജോലിക്ക് ഹാജരാകണം. ക്ലാസ് 3, ക്ലാസ് 4 വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ ജോലി ചെയ്യുന്നതിനുള്ള ക്രമീകരണം ജില്ലാ കലക്ടര്‍ /ഓഫീസ് മേധാവി ഉറപ്പുവരുത്തണം. വില്ലേജ് ഓഫീസുകള്‍ 35% ജീവനക്കാരുമായി പ്രവര്‍ത്തിക്കണം. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഓണ്‍ലൈനായി നല്‍കിയിരുന്ന മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി തന്നെ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം. വില്ലേജ് ഓഫീസുകളില്‍ കഴിവതും ഓണ്‍ലൈനായി തന്നെ കരം സ്വീകരിക്കണം. വീടുകളില്‍ കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്ന ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകില്ലെന്ന് ജില്ലാ കലക്ടര്‍ /ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. എല്ലാ ഓഫീസുകളിലും ആറടി അകലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം. യോഗങ്ങളും മറ്റും നടത്തുകയാണെങ്കില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പത്ത് പേരില്‍ അധികമാകരുത്. എല്ലാ ഓഫീസ് വാഹനങ്ങളും ഓഫീസ് വളപ്പിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പായി അണുവിമുക്തമാക്കണം. എല്ലാ ജീവനക്കാരും കഴിയുന്നതും ഓഫീസുകളില്‍ കോണിപ്പടികള്‍ ഉപയോഗിക്കേണ്ടതും അവശ്യഘട്ടങ്ങളില്‍ ലിഫ്റ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലിഫ്റ്റിന്റെ വലിപ്പമനുസരിച്ച് ഒരേ സമയം രണ്ടോ അല്ലെങ്കില്‍ നാലോ ആളുകളില്‍ അധികമാകാതെ ലിഫ്റ്റ് ഉപയോഗിക്കേണ്ടതുമാണ്. ഓഫീസുകളില്‍ ഹാജരാകുന്ന ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന പൊതുജനങ്ങള്‍ എന്നിവര്‍ സാമൂഹിക അകലം പാലിക്കേണ്ടതും കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതുമാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് കൈകള്‍ അണുവിമുക്തമാക്കാന്‍ ജലം, സോപ്പ് /ഹാന്‍ഡ് വാഷ് എന്നിവ ഓഫീസ് കവാടത്തിന് മുമ്പില്‍ ക്രമീകരിക്കണം. വില്ലേജ് ഓഫീസുകളില്‍ തിരക്കുകൂടുന്ന പക്ഷം ആറടി അകലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്യൂ സംവിധാനമോ ടോക്കണ്‍ സംവിധാനമോ ഏര്‍പ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.