• admin

  • February 5 , 2020

പാലക്കാട് : ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം 50ല്‍ നിന്നും നൂറായി വര്‍ധിപ്പിക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നവീകരിച്ച യോഗ ഹാള്‍, സ്‌പെഷ്യല്‍ ഒ.പി. കെട്ടിടം, മരുന്ന് സ്റ്റോര്‍, മറ്റ നവീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഹോമിയോ, അലോപ്പതി വിഭാഗങ്ങളെ പോലെ ആയുര്‍വേദ ചികിത്സയും പ്രോത്സാഹിപ്പിക്കുമെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്തിലെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1000 സ്‌ക്വയര്‍ ഫീറ്റില്‍ യോഗ ഹാളും 700 സ്‌ക്വയര്‍ ഫീറ്റില്‍ സ്‌പെഷ്യല്‍ ഒ.പി. കെട്ടിടവും അതിനോടനുബന്ധിച്ച് മരുന്ന് സ്റ്റോറുമാണ് നിര്‍മിച്ചിട്ടുള്ളത്.