• Lisha Mary

  • April 13 , 2020

 ഇടുക്കി :

സർക്കാർ നിർദേശപ്രകാരം ജില്ലയിലെ റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യവിഭവ കിറ്റ് വിതരണം നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി. ആദ്യ രണ്ടുദിവസത്തിനുള്ളിൽ 23,231 കിറ്റുകൾ വിതരണം ചെയ്തു. ഗുണഭോക്താക്കൾക്ക് അതത് റേഷൻ കടകൾ വഴി നൽകുന്ന സൗജന്യ കിറ്റ് മുൻഗണനാ വിഭാഗങ്ങൾക്കാണ് ആദ്യം ലഭിക്കുക. കിറ്റുവിതരണത്തിൽ പോർട്ടബിലിറ്റി സംവിധാനം ഏർപ്പെടുത്താത്തതിനാൽ കാർഡ് ഉടമകൾ രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻകടയിൽ നിന്ന് വേണം കിറ്റ് കൈപ്പറ്റാൻ. ആദ്യദിവസങ്ങളിൽ കിറ്റ് കൈപ്പറ്റാത്തവർക്ക് മുപ്പതിനകം കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസിൽനിന്ന്‌ അറിയിച്ചു.

ആദിവാസി വിഭാഗക്കാർക്കായുള്ള 17,423 ട്രൈബൽ കിറ്റുകൾ ഉൾപ്പെടെ എഎവൈ വിഭാഗത്തിനായി 34,135 കിറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനെത്തിച്ചത്. പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ, ചായപ്പൊടി, ചെറുപയർ എന്നിവയടക്കം വിവിധയിനങ്ങൾ ഉൾപ്പെടുത്തി സർക്കാർ പ്രഖ്യാപിച്ച 1000 രൂപയ്ക്കുള്ള സാധനങ്ങളാണ് നൽകുന്നത്. സപ്ലൈക്കോയാണ് കിറ്റുകൾ തയ്യാറാക്കിയത്‌. കുടുംബശ്രീ പ്രവർത്തകർ, സപ്ലൈകോ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, വിവിധ യുവജന സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റ് പായ്‌ക്ക്‌ ചെയ്തത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വരും ആഴ്ചകളിൽ മറ്റു കാർഡ്‌ ഉടമകൾക്കും ഭക്ഷ്യകിറ്റ് വിതരണം ആരംഭിക്കും.