• admin

  • January 31 , 2020

ന്യൂഡല്‍ഹി : ജാമിയ മില്ലിയ വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെ നടന്ന വെടിവെപ്പിനെതിരെ ഡല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേര്‍സിനു മുന്നില്‍ വന്‍ പ്രതിഷേധം. ഐ.ടി.ഒയ്ക്ക് സമീപമുള്ള പഴയ പൊലീസ് ആസ്ഥാനത്തിനു മുന്‍പിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ അക്രമി നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ചാണ് പൊലീസ് ആസ്ഥാനത്ത് വന്‍ ജനാവലി തടിച്ചു കൂടിയത്. അതേസമയം യുപി സ്വദേശിയായ പത്തൊന്‍പതുകാരന്‍ റാം ഭഗത് ഗോപാല്‍ ശര്‍മയാണ് മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ വെടിവെക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന വിമര്‍ശനം ഉയരുന്നുണ്ട്. മാര്‍ച്ചിന് നേരെ ഇയാള്‍ വെടിയുതിര്‍ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. 'ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം'(യെ ലോ ആസാദി) എന്ന് വെടിയുതിര്‍ത്തയാള്‍ വിളിച്ചു പറയുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്. ജയ് ശ്രീറാമെന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ട്. കൂടാതെ ഇന്ത്യയില്‍ കഴിയണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് ഇയാള്‍ മുന്നിലുള്ളവരോട് ആവശ്യപ്പെട്ടെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു. വെടിവെപ്പില്‍ ഷദാബ് എന്ന് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു.