• admin

  • January 26 , 2020

പത്തനംതിട്ട : ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്രയെന്നും ഇത് ഉറപ്പാക്കുന്ന ഭരണഘടനയെ സംരക്ഷിക്കണമെന്നും ദേവസ്വം- ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭാരതത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മതങ്ങളും, വിവിധ സംസ്‌കാരങ്ങളും, വിവിധ ആചാരങ്ങളും, വിവിധ വേഷങ്ങളും, വിവിധ ഭാഷകളും കൂടി ചേരുന്നതാണ് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ നല്‍കുന്ന കെട്ടുറപ്പാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്നത് എക്കാലവും നമ്മുടെ പ്രചോദനമായിരിക്കണം. എന്നാല്‍, ഇന്ന് ഭരണഘടനയെ അട്ടിമറിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ കാവലാളുകളായി നാം ഓരോരുത്തരും മാറണം. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി നിലയുറപ്പിക്കുമെന്ന് റിപ്പബ്‌ളിക് ദിനത്തില്‍ ഓരോ വ്യക്തിയും പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി പറഞ്ഞു. പരേഡില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. മികച്ച പോലീസ് സ്റ്റേഷനുള്ള ഫലകം പത്തനംതിട്ട പോലീസ് സ്റ്റേഷന് സമ്മാനിച്ചു.