• Lisha Mary

  • April 11 , 2020

:

കൊറോണവൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 ലേക്ക് നീട്ടി രാജസ്ഥാന്‍ സര്‍ക്കാര്‍. ഏപ്രില്‍ 14 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. പഞ്ചാബും ഒഡീഷയുമാണ് നേരത്തെ നീട്ടിയത്. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് പറഞ്ഞു.

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നുണ്ട്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നീട്ടുന്നകാര്യത്തില്‍ യോഗം തീരുമാനമെടുക്കും. 

ഇതിനിടെ ഭക്ഷണപാക്കറ്റുകളും റേഷനും വിതരണം ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തുന്നതിന് സംസ്ഥാനത്തുടനീളം രാജസ്ഥാന്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഭക്ഷണവും റേഷനും വിതരണം ചെയ്യുന്നത് ഒരു സേവനമായിട്ടാണ് കാണേണ്ടത്. പ്രചാരണത്തിനും മത്സരത്തിനുമായി ഇതിനെ മാറ്റരുതെന്നും മുഖ്യന്ത്രി അശോക് ഗെഹ്ലോത് പറഞ്ഞു.

'റേഷനും സൗജന്യ ഭക്ഷണവും പാവപ്പെട്ടവര്‍ക്ക് ലഭിക്കണം. കഴിവുള്ള ആളുകള്‍ അനാവശ്യമായി ഈ പ്രയോജനം നേടരുത്. സര്‍ക്കാരിനെ പൂര്‍ണമായും ആശ്രയിക്കുന്ന നിരാലംബരും ദരിദ്രരുമായ ആളുകള്‍ക്കാണ്‌ ആദ്യം ഭക്ഷണപാക്കറ്റുകള്‍ എത്തിക്കേണ്ടത്.

ഭക്ഷ്യ,റേഷന്‍ വിതരണ സമയത്ത് ഫോട്ടോഗ്രഫി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു. യാതൊരു തരത്തിലുള്ള പരസ്യവും പാടില്ല' അശോക് ഗെഹ്ലോത് പ്രസ്താവനയിലൂടെ അറിയിച്ചു.