• admin

  • February 7 , 2020

തിരുവനന്തപുരം :

സംസ്ഥാന ബജറ്റ് ധനമന്ത്രി ടി എം തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. പിണറായിസര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്. ജനക്ഷേമപ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാവുന്ന ബജറ്റില്‍, സാമ്പത്തികപ്രതിസന്ധിക്ക് ആശ്വാസംകാണാന്‍ ആയിരം കോടിരൂപയുടെ അധിക വിഭവസമാഹരണവും പ്രഖ്യാപിച്ചേക്കും.

ഭൂമിയുടെ ന്യായവില കൂട്ടും. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് നേരിയതോതില്‍ വര്‍ധിപ്പിക്കും. ജിഎസ്ടി ഒഴികെയുള്ള മറ്റു നികുതികളും വര്‍ധിച്ചേക്കും. അവയില്‍ പലതും ഏകീകരിക്കാനും യുക്തിസഹമായി പരിഷ്‌കരിക്കാനുമാണ് തീരുമാനം. ഇത്തരത്തില്‍ ആയിരം കോടിയോളം രൂപ കിട്ടുമെന്നാണു പ്രതീക്ഷ.  വരുമാനം ഉയര്‍ത്തുന്നതിനുള്ള കര്‍മപദ്ധതി ബജറ്റില്‍ അവതരിപ്പിക്കും. മൂല്യവര്‍ധിതനികുതി അടക്കമുള്ള നികുതി കുടിശ്ശിക സമാഹരിക്കുന്നതിന് പുതിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിക്കും.

ക്ഷേമപെന്‍ഷന്‍ പതിവുപോലെ 100 രൂപ കൂട്ടും. പെന്‍ഷന്‍പ്രായം കൂട്ടുകയോ വിരമിക്കല്‍ തീയതി ഏകീകരിക്കുകയോ ചെയ്യില്ല. ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള ക്ഷാമബത്തയില്‍ അഞ്ചുശതമാനം അനുവദിച്ചേക്കും.

സര്‍ക്കാരിന്റെ ചെലവുചുരുക്കാനുള്ള നടപടികളുണ്ടാവും. എന്നാല്‍, കാര്യമായി വെട്ടിക്കുറയ്ക്കില്ല. മാന്ദ്യകാലത്ത് സര്‍ക്കാര്‍ പണംമുടക്കുന്നത് കുറയ്ക്കാനാവില്ലെന്ന തന്റെ പ്രഖ്യാപിത സമീപനമാവും തോമസ് ഐസക് സ്വീകരിക്കുക. പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ ഉണ്ടാകില്ലെങ്കിലും ചേര്‍ത്തലയില്‍ അര്‍ബുദ മരുന്നുനിര്‍മാണത്തിനുള്ള ഓങ്കോളജി പാര്‍ക്ക് പ്രഖ്യാപിക്കും. പുതുസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനങ്ങളുണ്ടാകും